ആന്ധ്രയിൽ നിന്ന് കൊണ്ടുവന്ന 60 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
|പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറവിപണിയിൽ നാൽപത് ലക്ഷത്തോളം രൂപ വിലവരും
ചാലക്കുടി: ആന്ധ്രയിൽ നിന്നും ആഡംബരക്കാറിൽ കടത്തിക്കൊണ്ടുവന്ന 60കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. എറണാകുളം ജില്ല തൃക്കാക്കര നോർത്ത് വട്ടേക്കുന്ന് സ്വദേശി പീച്ചിങ്ങപ്പറമ്പിൽ വീട്ടിൽ ഷമീർ ജെയ്നു (41)വിനെയാണ് ചാലക്കുടി ക്രൈം സ്ക്വാഡും ഡാൻസാഫും ചേർന്ന് പിടികൂടിയത്.
തൃശൂർ റേഞ്ച് ഡി.ഐ.ജി ശ്രീമതി അജിത ബീഗം ഐ.പി.എസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീമതി ഐശ്വര്യ ഡോൺഗ്രെ ഐ.പി.എസിന്റെ നേതൃത്വത്തിൽ ഒരു മാസത്തോളമായി നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് കടത്തുപിടികൂടിയത്.
ഉത്സവ സീസൺ മുന്നിൽക്കണ്ട് വിവിധ ജില്ലകളിൽ വിൽപന നടത്തുന്നതിനായി ആന്ധ്രയിൽ നിന്നും കടത്തികൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവിന് മാർക്കറ്റിൽ 10 ലക്ഷം രൂപ വില വരും. കാറിന്റെ ഡോറിനുളളിലും സീറ്റിനുള്ളിലും പ്രത്യേക രഹസ്യ അറകളിലുമായി പ്രത്യേകം പൊതിഞ്ഞു സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറവിപണിയിൽ നാൽപത് ലക്ഷത്തോളം രൂപ വിലവരും.
കഞ്ചാവ് എവിടെ നിന്നും കൊണ്ടുവന്നതെന്നും ആർക്ക് വേണ്ടിയാണ് കൊണ്ട് വന്നതെന്നും ഓടിപ്പോയ യുവാവിനെ പറ്റിയും പൊലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.