ഐ.എൻ.ടി.യു.സി വിശാല യോഗം ഇന്ന്; സതീശനെതിരായ പ്രകടനത്തിൽ നടപടിക്ക് സാധ്യത
|ഐ.എൻ.ടി.യു.സി സംസ്ഥാന അധ്യക്ഷൻ ആർ. ചന്ദ്രശേഖരനും 14 ജില്ലാ അധ്യക്ഷന്മാരും യോഗത്തിൽ പങ്കെടുക്കും
തിരുവനന്തപുരം: ഐ.എൻ.ടി.യു.സി വിശാലയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനാണ് യോഗം വിളിച്ചത്. ഐ.എൻ.ടി.യു.സി സംസ്ഥാന അധ്യക്ഷൻ ആർ. ചന്ദ്രശേഖരനും 14 ജില്ലാ അധ്യക്ഷന്മാരും യോഗത്തിൽ പങ്കെടുക്കും. പരസ്യ പ്രതികരണം നടത്തിയ ഐ.എൻ.ടി.യു.സി പ്രവർത്തകർക്കെതിരെ നടപടിയെടുക്കണമെന്ന് വി.ഡി സതീശൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് യോഗം ചേരുന്നത്. രാവിലെ 11.30ന് കെ.പി.സി.സി ആസ്ഥാനത്താണ് യോഗം.
കെ റെയിലിനെതിരായ രണ്ടാം ഘട്ട സമര പരിപാടികൾ ചർച്ച ചെയ്യാൻ യു.ഡി.എഫ് യോഗവും ഇന്ന് ചേരും. യു.ഡി.എഫിന്‍റെ സമരത്തോടുള്ള ജനങ്ങളുടെ മനോഭാവം യോഗം വിലയിരുത്തും. ജനകീയ സദസുകൾ ഉദ്ദേശിച്ച ഫലം കണ്ടുവെന്നാണ് വിലയിരുത്തൽ. പിഴുതെറിഞ്ഞ കല്ല് പുനസ്ഥാപിക്കുന്നതിന് മന്ത്രിമാർ നേരിട്ടിറങ്ങിയ സാഹചര്യത്തിൽ സർവേ കല്ലുകൾ പിഴുതെറിയുന്ന കാര്യത്തിൽ കൂടുതൽ വാശിയോടെ മുന്നോട്ട് പോകണമെന്നാണ് മുന്നണിയിലെ ധാരണ. ഇരട്ടിയിലധികം രൂപ നഷ്ട പരിഹാരം നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സമര രംഗത്ത് നിന്ന് ആളുകളെ പിന്തിരിപ്പിക്കുള്ള തന്ത്രമാണെന്ന പ്രചരണവും യു.ഡി.എഫ് ശക്തമാക്കും.