വണ്ടിപ്പെരിയാർ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന് സസ്പെൻഷൻ
|കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന് വീഴ്ചയുണ്ടായെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
തിരുവനന്തപുരം: വണ്ടിപ്പെരിയാർ കേസ് അന്വേഷിച്ച ടി.ഡി സുനിൽകുമാറിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. നിലവിൽ വാഴക്കുളം പൊലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടറായി പ്രവർത്തിച്ചുവരികയാണ് സുനിൽകുമാർ. വിധിന്യായത്തിൽ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെതിരെ കോടതി പ്രതികൂല പരാമർശങ്ങൾ നടത്തിയത് ചൂണ്ടിക്കാട്ടിയാണ് നടപടി. സുനിലിനെതിരെ വിശദമായ അന്വേഷണം നടത്തുന്നതിന് എറണാകുളം റൂറൽ അഡീഷണൽ പൊലീസ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. രണ്ടു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.
വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെവിട്ട സംഭവത്തിൽ പ്രതിപക്ഷം ഇന്ന് നിയമസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചയാണ് പ്രതിയെ വെറുതെവിടാൻ കാരണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.
അന്വേഷണത്തിൽ ക്രമക്കേട് ഉണ്ടായിട്ടുണ്ടെങ്കിൽ കർശനമായ നിലപാട് സ്വീകരിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പ്രതിയുടേയോ അച്ഛന്റെയോ രാഷ്ട്രീയം സർക്കാരിനെ സ്വാധീനിക്കില്ല. സർക്കാർ പീഡനത്തിനിരയായ പെൺകുട്ടിയുടെ കൂടെയാണ്. വകുപ്പുതല അന്വേഷണത്തിന് ശേഷം നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.