ആദിവാസി പട്ടയഭൂമി തട്ടിയെടുത്തുവെന്ന് പരാതി: സ്വപ്‌ന സുരേഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിനെതിരെ അന്വേഷണം
|സ്ഥാപനത്തിന്റെ സംഘ് പരിവാർ ബന്ധം മറച്ചു പിടിക്കേണ്ട ഒന്നല്ലെന്നും അതിൽ അഭിമാനം മാത്രമേയുള്ളൂവെന്നും എച്.ആർ.ഡി.എസ് സ്ഥാപക സെക്രെട്ടറി
സ്വപ്നസുരേഷ് ജോലി ചെയ്യുന്ന എച്ച്.ആർ.ഡി.എസ് എന്ന സ്ഥാപനത്തിനെതിരെ അന്വേഷണം. ആദിവാസി പട്ടയഭൂമി തട്ടിയെടുത്തുവെന്ന പരാതിയിൽ അന്വേഷണം നടത്താൻ എസ്.സി.എസ്ടി കമ്മീഷനാണ് ഉത്തരവിട്ടത്. അട്ടപ്പാടി മേഖലയ്ക്ക് യോജിക്കാത്ത വീടുകൾ നിർമ്മിക്കാൻ എച്ച്.ആർ.ഡിഎസിന് അനുമതി നൽകരുതെന്ന് കളക്ടർക്കും കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. എച്ച്.ആർ.ഡി.എസിന്റെ തൊടുപുഴ ഓഫീസിലേക്ക് സിപിഎം മാർച്ച് നടത്തി.
ആദിവാസി ഭൂമി തട്ടിയെടുത്ത് കുടിൽ കത്തിച്ചെന്ന പരാതിയിലും സന്നദ്ധപ്രവർത്തനത്തിന്റെ മറവിൽ തട്ടിപ്പ് നടത്തിയെന്ന പരാതിയിലുമാണ് എച്ച് ആർ ഡി എസിനെതിരെ നിയമ നടപടി ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്. അട്ടപ്പാടി ആദിവാസി ആക്ഷൻ കൗൺസിലാണ് എച്ച്.ആർ.ഡി.എസിനെതിരെ എസ്‌സി എസ്.ടി കമ്മീഷൻ മുമ്പാകെ പരാതി നൽകിയത്. ആദിവാസികൾ വസിച്ചു വന്നിരുന്ന ഏകദേശം 45 ഏക്കറോളം പട്ടയ ഭൂമി എച്ച്.ആർ.ഡി എസ് ഇന്ത്യ കൈയ്യേറി ആദിവാസി കുടിലുകൾ തീവെച്ച് നശിപ്പിച്ചതായും, വ്യാജ രേഖ ചമച്ച് ഈ ഭൂമി പട്ടിക വർഗക്കാരല്ലാത്തവർക്ക് അളന്നു കൊടുത്തു എന്നുമാണ് പരാതിയിൽ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദിവാസി ഭൂമി തട്ടിയെടുത്തതിലെ നിയമ സാധുത പരിശോധിച്ച് കേസെടുക്കാനും പരാതി അന്വേഷിച്ച് 3 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും സംസ്ഥാന എസ്.സി/ എസ് ടി കമ്മീഷൻ ഒറ്റപ്പാലം സബ് കളക്ടർക്ക് നിർദേശം നൽകിയത്.
അട്ടപ്പാടിയിലെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും യോജിക്കാത്ത വാസയോഗ്യമല്ലാത്ത വീടുകൾ നിർമ്മിക്കാൻ എച്ച് ആർ ഡി എസിന് അനുവാദം നൽകരുതെന്നും കമ്മീഷൻ ജില്ലാ കളക്ടറോട് നിർദേശിച്ചു. സ്ഥാപനത്തിന്റെ സംഘ് പരിവാർ ബന്ധം മറച്ചു പിടിക്കേണ്ട ഒന്നല്ലെന്നും അതിൽ അഭിമാനം മാത്രമേയുള്ളൂവെന്നും എച്.ആർ.ഡി.എസ് സ്ഥാപക സെക്രെട്ടറി അജി കൃഷ്ണൻ പ്രതികരിച്ചു. അതിനിടെ മുഖ്യമന്ത്രിക്കെതിരായ ഗൂഡാലോചനയുടെ ആസ്ഥാനം എച്ച്.ആർ.ഡി.എസ് ആണെന്നാരോപിച്ച് സി.പി.എം തൊടുപുഴയിലെ ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. മുൻമന്ത്രി എംഎം മണി പ്രതിഷേധം ഉദ്ഘാടനം ചെയ്തു