'വീട്ടിലെത്തിയും കൈക്കൂലി വാങ്ങി': പാലക്കയം കൈക്കൂലി കേസിൽ അന്വേഷണം കൂടുതൽ ഉദ്യോഗസ്ഥരിലേക്ക്
|നേരിട്ട് വരാൻ ആവശ്യപ്പെട്ടാണ് സാധാരണക്കാരിൽ നിന്ന് പണം വാങ്ങിയിരുന്നത്
പാലക്കാട്: പാലക്കയം വില്ലേജ് ഓഫീസ് കൈക്കൂലി കേസിൽ അറസ്റ്റിലായ സുരേഷ് കുമാർ കൈക്കൂലിക്കായി അപേക്ഷകരുടെ വീട്ടിലും പോയെന്ന് വിജിലൻസ് കണ്ടെത്തൽ. നേരിട്ട് വരാൻ ആവശ്യപ്പെട്ടാണ് സാധാരണക്കാരിൽ നിന്ന് പണം വാങ്ങിയിരുന്നത്. പാലക്കയം വില്ലേജ് ഓഫീസിലെ കൂടുതൽ ഉദ്യോഗസ്ഥരിലേക്കും അന്വേഷണം നീളും. അതേസമയം തന്റെ പേര് പറഞ്ഞ് സുരേഷ് കുമാർ പണം വാങ്ങിയത് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് വില്ലേജ് ഓഫീസർ സജിത്ത് മൊഴി നൽകി.
അതേസമയം അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് പാലക്കയം വില്ലേജ് ഓഫീസ് ഇഷ്ട കേന്ദ്രമാണ്. സർവേ നടക്കാത്ത ഭൂമിയായതിനാൽ എല്ലാ ആവശ്യങ്ങൾക്കും പൊതുജനങ്ങൾക്ക് വില്ലേജ് ഓഫീസിനെ സമീപിക്കണം. വനം വകുപ്പുമായി തർക്കത്തിലുള്ള ഭൂമിക്ക് കൈക്കൂലി വാങ്ങി നികുതി അടച്ച് നൽകിയതായും ആരോപണം ഉണ്ട്. തെങ്കര, കാഞ്ഞിരപ്പുഴ ,തച്ചമ്പാറ , കരിമ്പ പഞ്ചായത്തുകളിലെ മലയോര മേഖലകൾ ഉൾപെടുന്നത് പാലക്കയം വില്ലേജിലാണ്. സർവേ നടക്കാത്തതിനാൽ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് പല ആവശ്യങ്ങൾക്കും പൊതുജനങ്ങൾക്ക് വില്ലേജ് ഓഫീസിനെ സമീപിക്കണം. ഇതിനെല്ലാം സുരേഷ് കുമാർ പണംവാങ്ങും.
സ്പെഷൽ വില്ലേജ് ഓഫീസറുടെത് അടക്കം ഉള്ള ഒഴിവുകൾ നികത്താത്തതും സുരേഷ് കുമാറിന്റെ അഴിമതിക്ക് ആക്കം കൂട്ടി. വനം, ജലസേചന വകുപ്പുകളുമായി ബന്ധപെട്ട് തർക്കത്തിൽ ഉള്ള ഭൂമിക്കും സുരേഷ് കുമാർ പണം വാങ്ങി നികുതി അടച്ച് നൽകിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ മണ്ണാർക്കാട് ഡി.എഫ്.ഒ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വില്ലേജ് ഓഫീസറുടെ സീൽ ദുരുപയോഗം ചെയ്തുവെന്ന പരാതിയും വിജിലൻസിന്റെ അന്വേഷണ പരിധിയിലാണ്.
Watch Video Report