മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തന പരാമർശത്തിൽ മൊഴിയെടുക്കാൻ അന്വേഷണസംഘം
|എറണാകുളം ഡിസിസി സെക്രട്ടറി ആന്റണിയോട് മൊഴി നൽകാൻ എത്തണമെന്ന് ആവശ്യപ്പെട്ടു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തന പരാമർശത്തിൽ മൊഴിയെടുക്കാൻ അന്വേഷണസംഘം. എറണാകുളം ഡിസിസി സെക്രട്ടറി ആന്റണിയോട് മൊഴി നൽകാൻ എത്തണമെന്ന് ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നൽകിയ പരാതിയിലെ സാക്ഷിയാണ് ആന്റണി. നവകേരളസദസിനിടെയുണ്ടായ വിവാദ പരാമർശത്തിൽ എറണാകുളം സിജെഎം കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
നവകേരള സദസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയ്ക്കിടെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാരും ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്ന് മർദിച്ചിരുന്നു.
ആലപ്പുഴയിലും കോതമംഗലത്തും ഉൾപ്പെടെ നടന്ന മർദനത്തിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. എന്നാൽ ഈ സംഭവത്തെ ന്യായീകരിച്ച മുഖ്യമന്ത്രി സംഭവത്തെ 'രക്ഷാപ്രവർത്തന'മെന്നാണ് വിശേഷിപ്പിച്ചത്. പ്രതിഷേധക്കാർ വാഹനത്തിനടിയിൽ വീഴാതിരിക്കാനുള്ള അത്തരം പ്രവർത്തനം തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കോടതിയെ സമീപിച്ചത്.