നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘം സമയം ആവശ്യപ്പെടും
|ഇന്ന് ഇടക്കാല ഉത്തരവുണ്ടായില്ലെങ്കിൽ പ്രത്യേക ഹരജി നൽകും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപിക്കാൻ അന്വേഷണ സംഘം സമയം ആവശ്യപ്പെടും. നടിയുടെ ഹരജിയിൽ ഇന്ന് ഹൈക്കോടതി നിലപാടനുസരിച്ച് തുടർനടപടി സ്വീകരിക്കാനാണ് തീരുമാനം. ഇന്ന് ഇടക്കാല ഉത്തരവുണ്ടായില്ലെങ്കിൽ പ്രത്യേക ഹരജി നൽകും. ഈ മാസം 30ന് കുറ്റപത്രം സമർപ്പിക്കാനിരിക്കെയായിരുന്നു നടി കോടതിയെ സമീപിച്ചത്.
ഇന്നലെ ജസ്റ്റിസ് കൗസർ എടപ്പഗത്തിൻറെ ബഞ്ചിൽ കേസ് ലിസ്റ്റ് ചെയ്തെങ്കിലും നടിയുടെ ആവശ്യപ്രകാരം ജഡ്ജി പിൻമാറിയിരുന്നു. ഇന്ന് ഹരജി ജസ്റ്റിസ് സിയാദ് റഹ്മാൻറെ ബെഞ്ചിൽ പരിഗണക്കെത്തും.
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കാനും അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും രാഷ്ട്രീയ ഉന്നതർ അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ചാണ് അക്രമത്തിനിരയായ നടി ഹരജി നൽകിയത്. തന്നെ ആക്രമിച്ചു പകർത്തിയ ദ്യശ്യങ്ങൾ ചോർന്നതിൽ അന്വേഷണം വേണമെന്നും നടി ആവശ്യപ്പെട്ടിരുന്നു. നേരത്തെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായിരുന്ന കൗസർ എടപ്പഗത്തിൻറെ ഓഫീസിൽ നിന്നാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചോർന്നതെന്ന സംശയം നടി പ്രകടിപ്പിച്ചിരുന്നു.
കേസന്വേഷിക്കുന്ന പൊലീസ് സംഘം ഇവിടുത്തെ ജീവനക്കാരെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ഹൈക്കോടതിയിൽ താൻ നൽകിയ ഹരജി ജസ്റ്റിസ് കൗസർ എടപ്പഗത്തിൻറെ ബഞ്ചിൽ പരിഗണനയ്ക്കെത്തരുതെന്ന് ആവശ്യപ്പെട്ട് നടി രജ്സറ്റാർക്ക് അപേക്ഷ നൽകി. തുടർന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് കേസിൽ നിന്നും പിന്മാറി. ഹൈക്കോടതിയുടെ മേൽനോട്ടമില്ലെങ്കിൽ തുടരന്വേഷണം ശരിയായ വിധം നടക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടി ഹരജി നൽകിയിരിക്കുന്നത്. തുടരന്വേഷണ റിപ്പോർട്ട് മെയ് 30നകം നൽകാൻ അന്വേഷണ സംഘം നീക്കം നടത്തുന്നതിനിടെയാണ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് നടി ഹരജി നൽകിയിരിക്കുന്നത്.