ഷാരൂഖ് സെയ്ഫി അവശത പറയുന്നു: ഡോക്ടറുടെ സേവനം ആവശ്യപ്പെട്ട് അന്വേഷണ സംഘം
|മെഡിക്കൽ കോളജിൽ നിന്നുള്ള സംഘം ഉടൻ മാലൂർകുന്ന് പൊലീസ് ക്യാംപിലേക്ക് എത്തിയേക്കും
കോഴിക്കോട്: ട്രെയിനിലെ തീവെപ്പ്കേസിൽ ഷാരൂഖ് സെയ്ഫിയെ ചോദ്യം ചെയ്യുന്നതിന് അന്വേഷണ സംഘം ഡോക്ടറുടെ സേവനം ആവശ്യപ്പെട്ടു. മെഡിക്കൽ കോളജിൽ നിന്നുള്ള സംഘം ഇന്നുതന്നെ മാലൂർകുന്ന് പൊലീസ് ക്യാംപിലേക്ക് എത്തിയേക്കും. ഷാരൂഖ് സെയ്ഫി അവശത പറയുന്ന സാഹചര്യത്തിലാണ് ഡോക്ടറുടെ സേവനം തേടിയത്. തെളിവെടുപ്പിന് ആരോഗ്യസ്ഥിതി വിലയിരുത്തേണ്ടതുണ്ട്.
കഴിഞ്ഞ ദിവസം ഡോക്ടർമാരുടെ സേവനം ആവശ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥർ കോഴിക്കോട് മെഡിക്കൽ കോളജിനെ സമീപിച്ചത്. പതിനൊന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയലാണിപ്പോൾ ഷാറൂഖ് സെയ്ഫിയുള്ളത്. കണ്ണൂരിലടക്കമുള്ള സ്ഥലങ്ങളിൽ ഇയാളെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.
അതേസമയം ഷാരൂഖ് സെയ്ഫിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. വിവിധയിടങ്ങളിൽനിന്ന് ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങൾ അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. പ്രതിക്ക് സംസ്ഥാനത്തിനകത്തുനിന്നോ പുറത്തുനിന്നോ സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
എ.ഡി.ജി.പി എം.ആർ അജിത് കുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ പത്ത് മണിക്കൂറിലധികം സമയമാണ് ഷാരൂഖ് സെയ്ഫിയെ ചോദ്യംചെയ്തത്. കുറ്റം സമ്മതിച്ച പ്രതി മറ്റാരുടെയും സഹായമുണ്ടായിട്ടില്ലെന്ന മൊഴിയിൽ ഉറച്ചുനിൽക്കുകയാണെന്ന് പൊലീസ് പറയുന്നു. എന്നാല്, ഇത് അന്വേഷണ സംഘം മുഖവിലയ്ക്കെടുത്തിട്ടില്ല. പ്രതിക്ക് കേരളത്തിൽനിന്നോ പുറത്തുനിന്നോ സഹായം ലഭിച്ചിട്ടുണ്ടോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്.
Watch Video Report