ബലാത്സംഗക്കേസ്; സിദ്ദീഖിനെതിരെ കൂടുതൽ തെളിവുകളുണ്ടോയെന്ന് പരിശോധിക്കാൻ അന്വേഷണ സംഘം
|സിദ്ദീഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും രേഖകൾ ഹാജരാക്കിയില്ലെന്നുമുള്ള വാദം അന്വേഷണസംഘം വീണ്ടും സുപ്രിം കോടതിയിൽ ഉന്നയിക്കും
കൊച്ചി: ബലാത്സംഗക്കേസിൽ നടൻ സിദ്ദീഖിനെതിരെ കൂടുതൽ തെളിവുകളുണ്ടോയെന്ന് പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘം. സിദ്ദീഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും രേഖകൾ ഹാജരാക്കിയില്ലെന്നുമുള്ള വാദം അന്വേഷണസംഘം വീണ്ടും സുപ്രിം കോടതിയിൽ ഉന്നയിക്കും. സുപ്രിം കോടതി കേസ് വീണ്ടും പരിഗണിക്കും വരെ സമയമുണ്ടെങ്കിലും ഇനി ചോദ്യം ചെയ്യലിലേക്ക് കടക്കേണ്ടതില്ലെന്നാണ് സംഘത്തിന്‍റെ വിലയിരുത്തൽ.
രണ്ടുവട്ടമാണ് പ്രത്യേക അന്വേഷണസംഘം സിദ്ദീഖിനെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയത്. ആദ്യവട്ടം പ്രാഥമിക വിവരശേഖരണം മാത്രമാണ് നടന്നത്. ഒരാഴ്ചയ്ക്കിടെ നടന്ന രണ്ടാം വട്ട ചോദ്യം ചെയ്യലാവട്ടെ, സിദ്ദീഖ് രേഖകൾ കൊണ്ടുവന്നില്ലെന്നറിഞ്ഞതോടെ അവസാനിപ്പിക്കുകയും ചെയ്തു. വിശദമായ ചോദ്യം ചെയ്യൽ നടന്നില്ലെന്നും അതിന് കസ്റ്റഡി ആവശ്യമാണെന്നും സുപ്രിം കോടതിയിലെ അറിയിക്കുന്നതിന് വേണ്ടിയായിരുന്നു അന്വേഷണസംഘം ഈ നീക്കം നടത്തിയത്. എന്നാൽ ഇന്നലെ സുപ്രിം കോടതി വീണ്ടും മുൻകൂർ ജാമ്യാപേക്ഷ നീട്ടിവെച്ചത് തിരിച്ചടിയായാണ് അന്വേഷണസംഘം കണക്കാക്കുന്നത്. ഇത് മറികടക്കണമെങ്കിൽ സിദ്ദീഖിനെതിരെ കൂടുതൽ തെളിവുകൾ കണ്ടെത്തേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. 2016- ൽ സിദ്ദീഖ് ഉപയോഗിച്ച ഫോണും ലാപ്ടോപ്പും അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ അന്വേഷണസംഘത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. ഇത് ആവശ്യപ്പെട്ടെങ്കിലും തന്‍റെ കൈയിലില്ലെന്നായിരുന്നു സിദ്ദീഖിന്‍റെ മറുപടി. ഇവ കണ്ടെത്തേണ്ടത് അന്വേഷണസംഘത്തിന് ഒരു വെല്ലുവിളിയായി മാറിക്കഴിഞ്ഞു.
ഇനി തെളിവുകൾ ലഭിക്കാനുള്ള സാധ്യതയും കുറവാണ്. എന്നാൽ സിദ്ദീഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന വാദം വീണ്ടും സുപ്രിം കോടതിക്ക് മുന്നിൽ ഉയർത്താനാണ് അന്വേഷണസംഘം ആലോചിക്കുന്നത്. ഇതുവരെ ലഭിക്കാത്ത ഡിജിറ്റൽ ഉപകരണങ്ങൾ അടക്കമുള്ള തെളിവുകൾ സിദ്ദീഖ് നശിപ്പിക്കും എന്നും അന്വേഷണസംഘം കോടതിയുടെ മുന്നിൽ ഉന്നയിക്കും. സിദ്ദീഖിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള സാധ്യതയും വിരളമാണ്. അങ്ങനെ ചോദ്യം ചെയ്താൽ അത് കോടതിയിൽ ഉന്നയിക്കാനും കസ്റ്റഡി വേണ്ടെന്ന് വാദിക്കാനും സിദ്ദീഖിന് കഴിയുമെന്നും അന്വേഷണ സംഘം കരുതുന്നുണ്ട്.