പ്രവീണ്‍ റാണക്ക് ജാമ്യം ലഭിക്കാൻ അന്വേഷണ സംഘം വഴിയൊരുക്കിയതാണെന്ന ആരോപണവുമായി നിക്ഷേപകര്‍
|റാണയെ അറസ്റ്റ് ചെയ്ത് പത്തുമാസം പിന്നിട്ടിട്ടും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചില്ല
തൃശൂര്‍: 300 കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പ്രവീണ്‍ റാണക്ക് ജാമ്യം ലഭിക്കാൻ അന്വേഷണ സംഘം വഴിയൊരുക്കിയതാണെന്ന ആരോപണവുമായി നിക്ഷേപകര്‍. റാണയെ അറസ്റ്റ് ചെയ്ത് പത്തുമാസം പിന്നിട്ടിട്ടും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചില്ല. ഇതാണ് ജാമ്യം ലഭിക്കാൻ ഇടവരുത്തിയതെന്നാണ് നിക്ഷേപകരുടെ ആരോപണം.
സേഫ് ആന്‍റ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പ് കേസ് പ്രതി പ്രവീണ്‍ റാണയ്ക്കെതിരെ 260 കേസുകളാണ് നിലവിലുള്ളത്. അവസാനത്തെ കേസിലും ജാമ്യം ലഭിച്ചതോടെ കഴിഞ്ഞ ദിവസമാണ് റാണ വിയ്യൂര്‍ ജില്ലാ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. കേസന്വേഷിച്ച പൊലീസും ക്രൈംബ്രാഞ്ചും 260 കേസുകളിൽ ഒന്നിൽ പോലും കുറ്റപത്രം സമർപ്പിക്കാത്തതാണ് ജാമ്യത്തിന് വഴിയൊരുക്കിയതെന്നാണ് നിക്ഷേപകർ പറയുന്നത്.
പരാതിക്കാരില്‍ നിന്ന് മൊഴിയെടുക്കാന്‍ എട്ടുമാസം വരെ വൈകിയെന്നും നിക്ഷേപകര്‍ ആരോപിക്കുന്നു. ചെറിയ തുക നിക്ഷേപിച്ചവർക്ക് പണം തിരികെ നൽകി ഒത്തുതീർപ്പിനും റാണ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ജനുവരി 11നാണ് റാണ അറസ്റ്റിലാവുന്നത്.