വിശ്വനാഥന്റെ മരണം: സെക്യൂരിറ്റി ജീവനക്കാര്‍ക്കും പങ്കുണ്ടെന്ന് വസ്തുതാന്വേഷണ റിപ്പോർട്ട്
|അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സാണ് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടത്
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് ദുരൂഹ സാഹചര്യത്തിൽ ആദിവാസി യുവാവ് വിശ്വനാഥൻ മരിച്ച കേസിൽ സെക്യൂരിറ്റി ജീവനക്കാരടക്കമുള്ളവർക്ക് പങ്കുണ്ടെന്ന് വസ്തുതാന്വേഷണ റിപ്പോർട്ട്. വിശ്വനാഥന് ജീവനൊടുക്കിയതല്ലെന്ന് അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എ.പി.സി.ആർ) പുറത്തിറക്കിയ വസ്തുതാന്വേഷണ റിപ്പോർട്ടിൽ പറയുന്നു. മരണം സംബന്ധിച്ച് എ.പി.സി.ആർ നടത്തിയ പഠനത്തിലെ വിവരങ്ങൾ കൽപ്പറ്റയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംഘം പുറത്തുവിട്ടു.
വിശ്വനാഥന്റെ മരണം സംബന്ധിച്ച് എ.പി.സി.ആർ ആഴ്ചകളോളം നടത്തിയ പഠനത്തിന്റെ റിപ്പോർട്ടാണ് വയനാട് കൽപ്പറ്റയിൽ പ്രകാശനം ചെയ്തത്. വിശ്വനാഥന്റെ മരണത്തില്‍ സെക്യൂരിറ്റി ജീവനക്കാരടക്കമുള്ളവർക്ക് പങ്കുണ്ടെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.
വിശ്വനാഥനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതി ആദ്യ ഘട്ടത്തിൽ മെഡിക്കൽ കോളജ് പൊലീസ് ഗൗരവത്തിലെടുത്തില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വിശ്വനാഥന്റെ മരണമന്വേഷിക്കുന്ന എ.സി.പി കെ.സുദർശൻ, പട്ടികജാതി-പട്ടികവർഗ കമ്മീഷൻ അംഗം അഡ്വ.സൗമ്യ സോമൻ, ട്രൈബൽ ഓഫീസർ, വിശ്വനാഥന്റെ ഭാര്യ, സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരെ നേരിൽ സന്ദർശിച്ചാണ് സംഘം റിപ്പോർട്ട് തയ്യാറാക്കിയത്.
മോഷണം നടത്തിയെന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം തടഞ്ഞുനിര്‍ത്തി വിശ്വനാഥനെ വിചാരണ ചെയ്തത്. വിശ്വനാഥനെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചെന്നും ഇവരില്‍ സുരക്ഷാ ജീവനക്കാരുമുണ്ടായിരുന്നുവെന്നുമാണ് വസ്തുതാന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പിന്നാലെയാണ് വിശ്വനാഥനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫെബ്രുവരി 9നായിരുന്നു സംഭവം.