![Remarks against Malappuram SP: PV Anwar MLA will not apologize, latest news malayalam മലപ്പുറം എസ്.പിക്കെതിരായ പരാമർശം: മാപ്പ് പറയില്ലെന്ന് പി.വി അൻവർ എം.എൽ.എ Remarks against Malappuram SP: PV Anwar MLA will not apologize, latest news malayalam മലപ്പുറം എസ്.പിക്കെതിരായ പരാമർശം: മാപ്പ് പറയില്ലെന്ന് പി.വി അൻവർ എം.എൽ.എ](https://www.mediaoneonline.com/h-upload/2024/08/20/1438997-anvar.webp)
മലപ്പുറം എസ്.പിക്കെതിരായ വിമർശനം; പി.വി അൻവറിനെതിരെ ഐ.പി.എസ് ഉദ്യോഗസ്ഥർ
![](/images/authorplaceholder.jpg?type=1&v=2)
മലപ്പുറത്ത് നടന്ന പൊലീസ് അസോസിയേഷൻ സമ്മേളനത്തിലായിരുന്നു പി.വി അൻവർ എസ്.പി എസ്. ശശിധരനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്.
തിരുവനന്തപുരം: മലപ്പുറം എസ്.പിക്കെതിരെ പൊതുവേദിയിൽ വിമർശനമുന്നയിച്ച പി.വി അൻവർ എം.എൽ.എക്കെതിരെ ഐ.പി.എസ് ഉദ്യോഗസ്ഥർ. മുഖ്യമന്ത്രിക്ക് പരാതി നൽകണമെന്നാണ് ഉദ്യോഗസ്ഥരിൽ ഒരു വിഭാഗത്തിന്റെ ആവശ്യം. ഐ.പി.എസ് അസോസിയേഷൻ യോഗം ചേർന്ന പ്രമേയം പാസാക്കിയ ശേഷം മുഖ്യമന്ത്രിക്ക് പരാതി നൽകാനാണ് നീക്കം.
മലപ്പുറത്ത് നടന്ന പൊലീസ് അസോസിയേഷൻ സമ്മേളനത്തിലായിരുന്നു പി.വി അൻവർ എസ്.പി എസ്. ശശിധരനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. പരിപാടിക്ക് വൈകിയെത്തിയതും തന്റെ പാർക്കിലെ റോപ് മോഷണം പോയതിൽ പ്രതിയെ പിടികൂടാത്തതും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ജനങ്ങളുടെ മനോവികാരമുണ്ടാക്കാൻ പൊലീസിൽ ചിലർ ശ്രമിക്കുന്നുണ്ടെന്നും എം.എൽ.എ ആരോപിച്ചു.
കഞ്ചാവ് കച്ചവടക്കാരുമായി ചേർന്ന് ചില പൊലീസുകാർ പ്രവർത്തിക്കുന്നുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥൻ തന്നോട് പറഞ്ഞതായും അൻവർ വെളിപ്പെടുത്തി. ചില പുഴുക്കുത്തുകൾ ഈ സർക്കാരിനെയും മുഖ്യമന്ത്രിയെയും പലഘട്ടത്തിലും പ്രതിസന്ധിയിലാക്കുന്നുണ്ട്. സർക്കാരിനെതിരെ ജനങ്ങളുടെ മനോവികാരമുണ്ടാക്കാൻ ചിലയാളുകൾ ശ്രമിക്കുന്നുണ്ടെന്നും എം.എൽ.എ ആരോപിച്ചിരുന്നു.