കരാറുകാരന് അധിക തുക; കാലിക്കറ്റ് സർവകലാശാല സ്വിമ്മിങ് പൂൾ നിർമാണത്തിൽ ക്രമക്കേടെന്ന് കണ്ടെത്തൽ
|സ്വിമ്മിങ് പൂൾ നിർമാണത്തിന്റെ വരവ് ചിലവ് കണക്ക് പരിശോധിച്ചപ്പോൾ പത്ത് ലക്ഷം രൂപയുടെ വ്യത്യാസമാണ് ഓഡിറ്റിൽ കണ്ടെത്തിയത്
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്വിമ്മിങ് പൂൾ നിർമ്മാണത്തിൽ ക്രമക്കേടെന്ന് സർക്കാർ ഓഡിറ്റ് റിപ്പോർട്ട്. 2019 20 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് കണ്ടെത്തൽ. ബജറ്റിൽ അനുവദിച്ചതിനേക്കാൾ അധിക തുക കരാറുകാരന് അനുവദിച്ചെന്നും പതിനഞ്ചു ലക്ഷത്തിൻറെ അധിക ചെലവുണ്ടായെന്നുമാണ് കണ്ടെത്തിയത്. ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എം എസ് എഫ് സെനറ്റംഗങ്ങൾ വിജിലൻസിനു പരാതി നൽകി.
സ്വിമ്മിങ് പൂൾ നിർമ്മാണത്തിനായി 5.30 കോടിയുടെ ഭരണാനുമതിയാണ് യൂണിവേഴ്‌സിറ്റി ആദ്യം നൽകിയത്. ക്രസൻറ് കൺസ്ട്രക്ഷൻ എന്ന കമ്പനിക്ക് 5.74 കോടി രൂപയ്ക്ക് ടെൻഡർ നൽകുകയും ചെയ്തു. നിർമ്മാണത്തിനിടെ 95 അധിക ഇനങ്ങൾ ഉൾപ്പെടുത്തേണ്ടി വന്നതിനാൽ 6.9 കോടി രൂപയുടെ പുതുക്കിയ 'എസ്റ്റിമേറ്റിന് ഭരണാനുമതി നൽകി.
എന്നാൽ സ്വിമ്മിങ് പൂൾ നിർമാണത്തിന്റെ വരവ് ചിലവ് കണക്ക് പരിശോധിച്ചപ്പോൾ പത്ത് ലക്ഷം രൂപയുടെ വ്യത്യാസം ഓഡിറ്റിൽ കണ്ടെത്തി. ബജറ്റ് തുകയേക്കാൾ 15 ലക്ഷം കരാറുകാരൻ അധികം നല്കിയതായും കണ്ടെത്തി. പി ഡബ്ലു ഡി നിരക്കിൽ നിന്നും കൂടിയ നിരക്കിൽ പണം നല്കിയതാണ് ക്രമക്കേടിന് കാരണം.
ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എം എസ് എഫ് സെനറ്റ് അംഗങ്ങൾ വിജിലൻസിൽ പരാതി നൽകി. പരാതിയിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് ഡെപ്യൂട്ടി സെക്രട്ടറി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്.