മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ക്രമക്കേട്; വില്ലേജ് ഓഫീസർമാർക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ
|അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് വൈകിട്ടോടെ സമർപ്പിക്കാൻ വിജിലൻസ് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ട്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ക്രമക്കേടിൽ വില്ലേജ് ഓഫീസർമാർക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. അപേക്ഷകരുടെ വരുമാന സർട്ടിഫിക്കറ്റ് ഉദ്യോഗസ്ഥർ വ്യക്തമായി പരിശോധിച്ചില്ല. അപേക്ഷകരെ നേരിൽ കാണാതെ ഏജന്റുമാരുടെ അപേക്ഷകളിൽ ഒപ്പിട്ടു നൽകുകയും ചെയ്തു. ഡോക്ടർമാർ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയത് സമാന രീതിയിലെന്നും കണ്ടെത്തൽ. അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് വൈകിട്ടോടെ സമർപ്പിക്കാൻ വിജിലൻസ് മേധാവിയുടെ നിർദ്ദേശം നൽകിയിട്ടുണ്ട്.
ദുരിതാശ്വാസ നിധിയിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള പ്രാഥമിക യോഗ്യത കുടുംബത്തിന്റെ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയായിരിക്കണം എന്നാണ്. എന്നാൽ തട്ടിപ്പ് കണ്ടെത്തിയ ഒരു അപേക്ഷയിലും വരുമാന സർട്ടിഫിക്കറ്റ് പരിശോധിച്ചിട്ടില്ല. മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർമാരും സമാനമായ രീതിയാണ് കൈക്കൊണ്ടിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ പേരിൽ സംഘടിതമായ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് വിജിലൻസ് മേധാവി എ ഡി ജി പി മനോജ് എബ്രഹാം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ തട്ടിപ്പ് നടക്കുന്നുവെന്ന പരാതിയിൽ കലക്ടറേറ്റുകളിൽ വിജിലൻസിന്റെ പരിശോധന കഴിഞ്ഞദിവസം മുതൽ തുടങ്ങിയിരുന്നു. സംസ്ഥാനത്തെ 14 കലക്ടറേറ്റുകളിലാണ് 'ഓപ്പറേഷൻ സിഎംഡിആർഎഫ്' എന്ന പേരിൽ പരിശോധന നടക്കുന്നത്. വ്യാജ രേഖകൾ ചമച്ച് സഹായം തട്ടിയെടുക്കുന്നു, ഏജന്റുമാർ കമ്മിഷൻ തട്ടിയെടുക്കുന്നു എന്നിവയാണ് പ്രധാന പരാതികൾ.രോഗമില്ലാത്തവരക്കൊണ്ടും അപേക്ഷകൾ നൽകിച്ച് പണം തട്ടിയതിനു പിന്നിൽ ഏജന്റുമാരുടെ ഒത്തുകളിയാണെന്ന് പരിശോധനയിൽ വ്യക്തമായി. തട്ടിപ്പിന് ഉദ്യോഗസ്ഥരും കൂട്ടുനിന്നോ എന്ന കാര്യം വിജിലൻസ് വിശദമായി പരിശോധിക്കും.
തിരുവനന്തപുരത്ത് ഒരു മൊബൈൽ നമ്പറിൽ നൽകിയ 16 അപേക്ഷകളിലും ഫണ്ട് അനുവദിച്ചു. കൊല്ലം പുനലൂരിൽ ഒരു ഡോക്ടർ നൽകിയത് 1500 മെഡിക്കൽ സർട്ടിഫിക്കറ്റുകളാണ്.കലക്ടറേറ്റിലെ ഉദ്യോഗസ്ഥരുംഏജന്റുമാരും തമ്മിലുള്ള ഇടപാടുകളാണ് ഇതിന് പിന്നിലെന്നാണ് വിവരം. ചില അപേക്ഷകൾ വ്യാജമാണെന്നും കണ്ടെത്തിയിരുന്നു.അസുഖം ഇല്ലാത്തവരെ കൊണ്ട് അപേക്ഷ നൽകിക്കുന്ന ഏജൻറ്മാർ പണം പങ്കിട്ടെടുക്കുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു.
തട്ടിപ്പ് നടത്തിയവർക്കും അതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കുമെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അതേസമയം, ദുരിതാശ്വാസനിധി തട്ടിപ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡിസതീശൻ. ഇല്ലെങ്കിൽ പ്രളയ ഫണ്ട് തട്ടിപ്പ് കേസിന്റെ അവസ്ഥയാകും. അന്വേഷിച്ചാൽ കേസിലെ സി.പി.എം പങ്ക് പുറത്തുവരും. തീക്കട്ടയിൽ ഉറുമ്പരിക്കുന്നത് പോലെയാണ് ഇതെന്നും മുഖ്യമന്ത്രി മറുപടി നൽകണമെന്നും വി.ഡി സതീശൻ പറഞ്ഞു.