Kerala
Irregularity in Munnar Service Cooperative Bank: S. complained to the state leadership. Rajendran,latest malayalam newsമൂന്നാർ സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേട്: സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി എസ്. രാജേന്ദ്രൻ
Kerala

മൂന്നാർ സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേട്: സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി എസ്. രാജേന്ദ്രൻ

അരുണ്‍രാജ് ആര്‍
|
14 July 2024 3:51 AM GMT

പാർട്ടി നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും രാജേന്ദ്രൻ

ഇടുക്കി: മൂന്നാർ സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേട് സംബന്ധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറിക്ക്‌ പരാതി നൽകിയിട്ടുണ്ടെന്ന് ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ. ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഗൗരവമുള്ളതാണെന്ന് ചൂണ്ടികാണിച്ച അദ്ദേഹം തോട്ടം തൊഴിലാളികളുടെ പണം അന്യാധീനപ്പെട്ട് പോകരുതെന്നും പറഞ്ഞു.

താൻ ഉന്നയിച്ച ക്രമക്കേടുകൾ ആണ് ഓഡിറ്റ് റിപ്പോർട്ടിലും ഉള്ളതെന്നും ഇത് നേരത്തെ തന്നെ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയതാണെന്നും രാജേന്ദ്രൻ കൂട്ടിച്ചേർത്തു. പരാതിയിൽ പാർട്ടി നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും രാജേന്ദ്രൻ വ്യക്തമാക്കി.

2022-23 സാമ്പത്തിക വർഷത്തിലാണ് സി.പി.എം നേതൃത്വത്തിലുള്ള ബാങ്കിൽ കോടികളുടെ ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോർട്ട് പുറത്ത്ല വന്നത്. മാക്സി മൂന്നാർ എന്ന കമ്പനിയുടെ മറവിൽ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ. മൂന്നാർ സർവീസ് സഹകരണ ബാങ്കിന് 97% ഓഹരിയുള്ള മാക്സി മൂന്നാർ എന്ന കമ്പനി രൂപീകരിച്ചത് ചട്ടങ്ങൾ പാലിക്കാതെയാണെന്നും മതിയായ ഈടില്ലാതെ ബാങ്ക് കമ്പനിക്ക് 12 കോടി 25 ലക്ഷം രൂപ ഓവർഡ്രാഫ്റ്റായി അനുവദിച്ചെന്നുമാണ് കണ്ടെത്തൽ.

ബാങ്കിന്‍റെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ റിസോർട്ട് ക്രമവിരുദ്ധമായി കമ്പനിക്ക് കൈമാറിയെന്നും ഇതിന് രജിസ്ട്രാറുടെ അനുമതിയില്ലായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. ലാഭം നൽകണമെന്ന വ്യവസ്ഥ കരാറിൽ ഉൾപ്പെടുത്താത്തതിലൂടെ ബാങ്കിന് ലഭിക്കേണ്ട വരുമാനം ഇല്ലാതായെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു.

.

Similar Posts