പി.എച്ച്.ഡി പ്രവേശനത്തിലും ക്രമക്കേട്; കെ.വിദ്യയുടെ ഗൈഡ് പിന്മാറി
|വിദ്യക്ക് പ്രവേശനം നൽകാനായി വിജ്ഞാപനത്തിൽ പറഞ്ഞതിലും അധികം വിദ്യാർഥികളെ കാലടി സർവകലാശാല പ്രവേശിപ്പിച്ചെന്നാണ് ആരോപണം
കോഴിക്കോട്: നിയമനത്തിനായി വ്യാജരേഖ ചമച്ച കേസിൽ മുൻ എസ്എഫ്‌ഐ നേതാവ് കെ.വിദ്യയുടെ പി.എച്ച്.ഡി പ്രവേശനത്തിലും ക്രമക്കേടാരോപണം. വിദ്യക്ക് പ്രവേശനം നൽകാനായി വിജ്ഞാപനത്തിൽ പറഞ്ഞതിലും അധികം വിദ്യാർഥികളെ കാലടി സർവകലാശാല പ്രവേശിപ്പിച്ചെന്നാണ് ആരോപണം. സംവരണ അട്ടിമറി നടന്നതായുള്ള എസ് സി എസ് ടി സെൽ റിപ്പോർട്ടിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.
വിവാദത്തിന് പിന്നാലെ വിദ്യയുടെ പി.എച്ച്.ഡിഗൈഡ് പിൻമാറി. ഡോ. ബിച്ചു എക്സ് മലയിലാണ് പിന്മാറിയത്.വിദ്യ നിരപരാധിത്തം തെളിയിക്കുന്നത് വരെ പിന്മാറുകയാണെന്ന് ഡോ. ബിച്ചു സർവകലാശാലയെ അറിയിച്ചു.2019 ലാണ് വിദ്യ കാലടി സർവകലാശാലയിൽ പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷിക്കുന്നത്.
10 പേർക്ക് പ്രവേശനം എന്നാണ് വിജ്ഞാപനത്തിൽ പറഞ്ഞിരുന്നത്. എന്നാൽ വിദ്യ ഉൾപ്പെടെ 15 പേർക്ക് പ്രവേശനം നൽകി. വിദ്യയെ പ്രവേശിപ്പിക്കാനായിരുന്നു അധികമായി അഞ്ചുപേരെ എടുത്തതെന്ന ആരോപണം ഉയർന്നു. അഞ്ചുപേരെ അധികം പ്രവേശിപ്പിച്ചപ്പോൾ പട്ടിക ജാതി വിഭാഗത്തിന് ഒരു സീറ്റ് സംവരണം നൽകിയതുമില്ല. പട്ടികജാതി വിദ്യാർഥിയുടെ പരാതിയിൽ ഇക്കാര്യം അന്വേഷിച്ച കാലടി സർവകലാശാല പ്രവേശനത്തിൽ സംവരണം അട്ടിമറിക്കപ്പെട്ടതായി കണ്ടെത്തി.
ഇതിനെതിരെ ഹൈക്കോടതിയിൽ ഹരജി വന്നപ്പോൾ കോടതിയിൽ സമർപ്പിക്കാനായി പ്രവേശന നടപടികളെക്കുറിച്ച വിവരാവകാശ മറുപടി നൽകിയതിലും ഇടപെടലുണ്ടായി. വിദ്യക്ക് ദിവസങ്ങൾക്കകം മറുപടി നൽകാൻ വൈസ് ചാൻസലറുടെ ഓഫീസ് ഇടപെട്ടതായും എസ്.സി.എസ്.ടി സെൽ കണ്ടെത്തി. വൈസ് ചാൻസലറുടെ ഓഫീസ് വരെ ഇടപെടുന്ന തരത്തിലായിരുന്ന കെ.വിദ്യയുടെ പി.എച്ച്.ഡി പ്രവേശനം കാലടി സർവകലാശാലയിൽ നടന്നത്. വിദ്യയുടെ ഉന്നതതല സ്വാധീനം തെളിയിക്കുന്നതാണ് ഈ സംഭവം.
മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചമച്ച കേസിൽ വിദ്യക്കെതിരെ പൊലീസ് ജാമ്യാമില്ലാ കുറ്റം ചുമത്തി. ഏഴ് വർഷം വരെ തടവ്ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് വിദ്യക്കെതിരെ ചുമത്തിയത്. കേസിൽ പാർട്ടി ആരെയും സംരക്ഷിക്കില്ലെന്ന് സി.പി.എം വ്യക്തമാക്കി. ഗസറ്റ് അധ്യാപികയായി ജോലി നേടാൻ മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് വിദ്യ അട്ടപ്പാടി ഗവണ്‍മെന്റ് കോളജിൽ അഭിമുഖത്തിൽ പങ്കെടുത്തത്.