പത്തനംതിട്ടയിലെ രണ്ട് പഞ്ചായത്തുകളിൽ ശുദ്ധജല വിതരണ കരാറിൽ ക്രമക്കേട്
|ഇ-ടെൻഡർ നടത്താതെയാണ് രണ്ടു പഞ്ചായത്തുകളും ക്വട്ടേഷൻ ക്ഷണിച്ചത്.
പത്തനംതിട്ട: ജില്ലയിലെ പള്ളിക്കൽ, പ്രമാടം പഞ്ചായത്തുകളിൽ ശുദ്ധജല വിതരണവുമായി ബന്ധപ്പെട്ട കരാറിൽ ക്രമക്കേട് കണ്ടെത്തി. കഴിഞ്ഞ ദിവസം നടത്തിയ വിജിലൻസിന്റെ മിന്നൽ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇ-ടെൻഡർ നടത്താതെയാണ് രണ്ടു പഞ്ചായത്തുകളും ക്വട്ടേഷൻ ക്ഷണിച്ചത്.
അഞ്ച് ലക്ഷം രൂപയ്ക്കു മുകളിൽ പണം ചെലവഴിക്കുന്നതിന് ഇ-ടെൻഡർ വിളിക്കണമെന്നുള്ള നിബന്ധന പാലിച്ചില്ലെന്ന് വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. വേനൽക്കാലത്ത് കുടിവെള്ളം വിതരണം ചെയ്തതിൽ വ്യാപക ക്രമക്കേടുണ്ടായെന്ന് പ്രതിപക്ഷം ആരോപണം ഉയർത്തിയിരുന്നു. ഇതാണ് പരിശോധന നടത്താൻ കാരണമായത്. മുൻ വർഷങ്ങളിലേതിനേക്കാൾ കൂടുതൽ തുകയാണ് ഇത്തവണത്തെ കരാറുകാരന് നൽകിയിരുന്നത്.
വാഹനത്തിലെ ജിപിഎസ് സംവിധാനവും കൃത്യമായി പ്രവർത്തിച്ചിരുന്നില്ല. ഇതോടെയാണ് മിന്നൽ പരിശോധനയ്ക്ക് വിജിലൻസ് എത്തിയത്. പള്ളിക്കൽ പഞ്ചായത്തിൽ കരാർ ലഭിച്ചയാൾ തന്നെയാണ് മറ്റു പല പേരുകളിലും ടെൻഡർ നൽകിയിരുന്നത്. പ്രമാടം പഞ്ചായത്തിൽ കരാർ ലഭിച്ചയാളെ കൂടാതെയുള്ള പേരുകൾ എഴുത്തിച്ചേർത്തതാണെന്നും പരിശോധനയിൽ കണ്ടെത്തി.
കരാർ ലഭിച്ചയാൾക്ക് കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് കൃത്യമായ കണക്കില്ലെന്നും സ്വന്തം ജലസ്രോതസിൽ നിന്നാണ് ഇയാൾ വെള്ളമെടുത്തതെന്നും പരിശോധനയിൽ കണ്ടെത്തി. റിപ്പോർട്ട് ഉടൻ തന്നെ സർക്കാരിന് സമർപ്പിക്കും. അതിനു ശേഷമായിരിക്കും തുടർനടപടികൾ.