Kerala
vellappally natesan
Kerala

'ഇടതുമുന്നണിയുടെ തോൽവിക്ക് കാരണം മുസ്‌ലിംപ്രീണനം'; വെള്ളാപ്പള്ളിയുടെ പ്രസ്‌താവനക്കെതിരെ പ്രതിഷേധം

Web Desk
|
12 Jun 2024 1:47 PM GMT

ബിജെപിക്ക് കേരളത്തിൽ ഇത്രയധികം വോട്ട് ലഭിക്കുന്നതിന്റെ കാരണം വെള്ളാപ്പള്ളി നടേശന്റെയും കാസപോലുള്ള സംഘടകളുടെയും മുസ്‌ലിംവിരുദ്ധ വിദ്വേഷ പ്രചാരണം കാരണമെന്ന് സാംസ്‌കാരിക പ്രവർത്തകർ

വെള്ളാപ്പള്ളി നടേശന്‍ മുസ്‌ലിംവിരുദ്ധ പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം. ഇടതുമുന്നണിയുടെ തോൽവിയുടെ കാരണം മുസ്‌ലിം പ്രീണനമാണെന്നുള്ള, എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി ശ്രീ.വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനക്കെതിരെയാണ് സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം. വെള്ളാപ്പള്ളിയുടെ പ്രസ്താവന വസ്തുതാവിരുദ്ധവും മതവിദ്വേഷം വളർത്തുന്നതും കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കുന്നതും അധിക്ഷേപാർഹവുമാണെന്ന് പ്രമുഖ ശ്രീനാരായണീയ- ഈഴവ- ദളിത് സംഘടനാ നേതാക്കളും സാംസ്കാരിക പ്രവർത്തകരും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

കേരളത്തിൽ ജനസംഖ്യയുടെ ഏതാണ്ട് 30 ശതമാനത്തോളം വരുന്ന ജനവിഭാഗമാണ് മുസ്‌ലിംകൾ. സർക്കാർ സർവീസിലോ ഇതര സാമൂഹിക-രാഷ്ട്രീയ- സാംസ്കാരിക മണ്ഡലങ്ങളിലോ അർഹമായ പ്രാതിനിധ്യം പോലും നാളിതുവരെ മുസ്‌ലിംകൾക്കു ലഭ്യമായിട്ടില്ലെന്ന് വസ്തുതാപരമായി തെളിയിക്കപ്പെട്ട സംഗതിയാണ്. എന്നിട്ടും, മാറിമാറി വന്ന എൽഡിഎഫ്-യുഡിഎഫ് ഭരണകൂടങ്ങളിൽ നിന്ന് മുസ്‌ലിംകൾ അനർഹമായി പലതും കൈപ്പറ്റുകയാണെന്ന പ്രചാരണം വർഷങ്ങളായി സംഘ് പരിവാർ കേന്ദ്രങ്ങൾ ഉന്നയിച്ചുപോരുന്നുണ്ട്.

മദ്രസാ അധ്യാപകർക്ക് സർക്കാർ പെൻഷൻ കൊടുക്കുന്നു എന്ന മട്ടിലുള്ള പച്ചക്കള്ളങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് ഈ ആഖ്യാനം പ്രചരിപ്പിക്കുന്നത്. എൽഡിഎഫ് -യുഡിഎഫ് നേതൃത്വങ്ങളോ സർക്കാർ പ്രതിനിധികളോ ഇത്തരം നുണപ്രചാരണങ്ങളെ ഖണ്ഡിക്കാനും വസ്തുത എന്താണെന്നു പറയാനും മിക്കപ്പോഴും തയ്യാറാകുന്നില്ല എന്നതാണ് ഈ കള്ളങ്ങൾ ജനമനസ്സിൽ വേരുപിടിക്കാൻ ഇടയാക്കുന്നത്. വെള്ളാപ്പള്ളിയുടെ ഈ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്നു പറയാൻ ബാധ്യതയുള്ള ഇടതുപക്ഷ സർക്കാരോ പാർട്ടിയോ നാളിതുവരെ പ്രതികരിച്ചിട്ടില്ലെന്നതാണ് ഏറ്റവും ആശങ്കാജനകമായിട്ടുള്ളത്.

ശബരിമല പോലുള്ള ഹിന്ദുക്ഷേത്രങ്ങളിലെ വരുമാനം സർക്കാർ എടുക്കുകയാണെന്ന പച്ചക്കള്ളം വർഷങ്ങളോളം കേരളത്തിൽ പ്രചരിപ്പിക്കപ്പെട്ടിരുന്നു. വളരെ അടുത്തുമാത്രമാണ് അതു തെറ്റാണെന്നു പറയാൻ മുഖ്യധാരാ പാർട്ടികൾ തയ്യാറായത്. അപ്പോഴേക്കും അതു ഭൂരിപക്ഷം ജനങ്ങളിലും എത്തിക്കഴിഞ്ഞിരുന്നു. അവരിൽ പലരും അതു സത്യമാണെന്ന് ഇപ്പോഴും വിശ്വസിക്കുകയും ചെയ്യുന്നു.

അതുപോലെയാണ് ലൗ ജിഹാദ് ആരോപണവും. മുസ്ലിം യുവാക്കൾ പ്രേമം നടിച്ചു ഹിന്ദു-ക്രിസ്ത്യൻ യുവതികളെ വശീകരിച്ചു മതംമാറ്റുന്നു എന്ന ആരോപണമാണത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പൊലീസ് സംവിധാനങ്ങൾ വിശദമായി അന്വേഷിച്ച് അത്തരമൊരു സംഗതി നിലനിൽക്കുന്നില്ലെന്നു റിപ്പോർട്ട് നൽകിയിട്ടും ഇപ്പോഴും ലൌജിഹാദ് ഉണ്ടെന്നു കരുതുന്നവരാണ് ഹിന്ദു-ക്രിസ്ത്യൻ വിഭാഗങ്ങളിലെ വലിയൊരു വിഭാഗം ജനങ്ങളും. വെള്ളാപ്പള്ളിമാരും കാസ പോലുള്ള ക്രിസ്ത്യൻ വിദ്വേഷ സംഘടനകളും നിരന്തരമായി ഇപ്പോഴും അത്തരം ആരോപണം ഉന്നയിച്ചിട്ടും അതിനെയൊന്നും തിരുത്താൻ സർക്കാർ സംവിധാനങ്ങൾ ഒരുക്കമല്ലെന്നതു ശ്രദ്ധേയമാണ്.

അവർണ വിഭാഗങ്ങളിൽ വെള്ളാപ്പള്ളി നടേശനല്ലാതെ ഇതര ഒബിസി നേതാക്കന്മാരോ ദലിത് നേതാക്കന്മാരോ മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിക്കണ്ടിട്ടില്ല. എന്നാൽ, 'മതദ്വേഷം പാടില്ല' എന്നരുളിച്ചെയ്ത ശ്രീനാരായണഗുരുവിന്റെ അനുയായിയായ നേതാവാണ്, നിരന്തരമായി, മതദ്വേഷ പ്രസ്താവനകൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം ഗുരുനിന്ദ നടത്തുന്ന ആളെ തിരുത്താൻ, ദൗർഭാഗ്യവശാൽ, സമുദായത്തിനകത്ത് നിന്നോ ഇതര ഒബിസി- ദലിത് വിഭാഗങ്ങളിൽ നിന്നോ ഇടതു-വലതു മുന്നണികളിൽ നിന്നോ ആരും മുന്നോട്ടുവരുന്നില്ല എന്നതു സൂചിപ്പിക്കുന്നത് ഇസ്‌ലാമോഫോബിയ എത്രത്തോളം ആഴത്തിൽ കേരളത്തിന്റെ പൊതുബോധത്തിൽ വേരോടിയിട്ടുണ്ട് എന്നതാണ്.

വാസ്തവത്തിൽ ബിജെപിക്ക് ഈ കേരളത്തിൽ ഇത്രയധികം വോട്ട് ലഭിക്കുന്നതിന്റെ കാരണം, വെള്ളാപ്പള്ളി നടേശന്റെയും കാസപോലുള്ള സംഘടകളുടെയും മുസ്‌ലിംവിരുദ്ധ വിദ്വേഷ പ്രചാരണവും അതിനെ മൗനം കൊണ്ടു പൊതിയുന്ന മുഖ്യധാരാ പാർട്ടികളുടെ നിലപാടും മൂലമാണ്. കേരളത്തിൽ സമാധാനവും സഹവർത്തിത്വവും ആഗ്രഹിക്കുന്നവർ ഈ പ്രവണതയെ മുളയിലേ നുള്ളിക്കളയാൻ ബാധ്യസ്ഥരാണെന്നും പ്രവർത്തകർ പറഞ്ഞു. വെള്ളാപ്പള്ളി പ്രസ്താവന പിൻവലിക്കാൻ തയ്യാറാകണമെന്നും അവർ കൂട്ടിച്ചേർത്തു. ജെ രഘു, കെ കെ ബാബുരാജ്, സണ്ണി കപിക്കാട്, ആർ രാജഗോപാല്‍ തുടങ്ങി അമ്പതിലധികം സാംസ്കാരിക പ്രവർത്തകരുടേതാണ് പ്രസ്താവന

Similar Posts