മുസ്ലിംകൾക്കെതിരായ വ്യാജ ആരോപണം: സർക്കാർ മൗനം വെടിയണമെന്ന് ഐ.എസ്.എം
|‘സമൂഹത്തിൽ വർഗീയ ധ്രുവീകരണത്തിന് ആക്കംകൂട്ടാൻ ശ്രമിക്കുന്നവർക്കെതിരെ ചേർന്നുനിന്ന് മുന്നേറണം’
കോഴിക്കോട്: അർഹിക്കുന്ന പല അവകാശങ്ങളും നേടുന്നതിൽനിന്ന് അവഗണനകൾ തുടരവെ, മുസ് ലിം സമൂഹം അനർഹമായി പലതും സമ്പാദിക്കുന്നുവെന്ന പ്രസ്താവനകൾ തീർത്തും ബാലിശവും പ്രതിഷേധാർഹവുമാണെന്നും പ്രസ്തുത വിഷയത്തിൽ സർക്കാർ കൃത്യവും വ്യക്തവുമായ ധവളപത്രം പുറത്തിറക്കണമെന്നും കോഴിക്കോട്ട് നടന്ന ഐ.എസ്.എം നവോത്ഥാന സെമിനാർ അഭിപ്രായപ്പെട്ടു.
സമൂഹത്തിൽ വർഗീയ ധ്രുവീകരണത്തിന് ആക്കംകൂട്ടാൻ ശ്രമിക്കുന്നവർക്കെതിരെ ചേർന്നുനിന്ന് മുന്നേറണം. നാടിന്റെ സൗഹൃദാന്തരീക്ഷത്തിന് ഭംഗം വരുത്താൻ അനുവദിച്ചുകൂടെന്നും ഛിദ്രശക്തികളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്നും സെമിനാർ ആഹ്വാനം ചെയ്തു.
മലബാറിൽ പ്ലസ് ടുവിന് 138 അധിക ബാച്ചുകൾ അനുവദിക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണ്. എല്ലാ കുട്ടികൾക്കും അവസരമൊരുക്കാനുള്ള സാഹചര്യമുണ്ടാവണമെന്നും മലബാറിലെ പ്ലസ്ടു സീറ്റ് വിഷയത്തിൽ ഇനിയൊരു പ്രതിഷേധ സമരത്തിന് ഇടയുണ്ടാകരുതെന്നും സെമിനാർ അഭിപ്രായപ്പെട്ടു. കേരള മുസ്ലിംകൾ: നേടിയതും നൽകിയതും എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്.
എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ അധ്യക്ഷത വഹിച്ചു. കെ.പി. രാമനുണ്ണി, അഡ്വ. എ. സജീവൻ, റിജിൽ മാക്കുറ്റി, പി.കെ. നവാസ്, ഐ.എസ്.എം ജനറൽ സെക്രട്ടറി അബ്ദുൽ ശുക്കൂർ സ്വലാഹി, നാസിം റഹ്മാൻ, ട്രഷർ കെ.എം.എ അസീസ്, ഇ.കെ. ബരീർ അസ്ലം, റഹ് മത്തുല്ല സ്വലാഹി, യാസർ അറഫാത്ത്, സി. മരക്കാരുട്ടി, സലാം വളപ്പിൽ, ജുനൈദ് സലഫി, ഹാഫിദുർറഹ്മാൻ മദനി എന്നിവർ സംസാരിച്ചു.