ഐഎസ്ആർഒ ഗൂഢാലോചന കേസ്; കുറ്റപത്രം അംഗീകരിച്ച് കോടതി
|അഞ്ച് പ്രതികൾക്ക് നോട്ടീസ് അയച്ചു
തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചന കേസിൽ കുറ്റപത്രം അംഗീകരിച്ച് കോടതി. തിരുവനന്തപുരം സിജെഎം കോടതിയാണ് കുറ്റപത്രം അംഗീകരിച്ചത്. കേസിലെ അഞ്ച് പ്രതികൾക്ക് നോട്ടീസ് അയക്കുകയും ചെയ്തു. സിബിഐ ഡൽഹി യൂണിറ്റ് സമർപ്പിച്ച കുറ്റപത്രമാണ് കോടതി അംഗീകരിച്ചത്. നോട്ടീസിന് മറുപടി ലഭിച്ച ശേഷം വിചാരണ നടപടികൾ ആരംഭിക്കും.
ശാസ്ത്രജ്ഞനായ നമ്പി നാരായണനെതിരെ ചാരക്കേസ് കെട്ടിച്ചമയ്ക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ബുധനാഴ്ച സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചത്. കേസ് അന്വേഷിക്കുന്ന സി.ബി.ഐ ഡൽഹി യൂണിറ്റിന്റെ എസ്.പി നേരിട്ടെത്തിയാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
മുൻ ഡി.ജി.പി സിബി മാത്യൂസ്, മുൻ ഐ.ബി ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി ശ്രീകുമാർ, മുൻ ഇൻസ്പെക്ടർ എസ്. വിജയൻ, മുൻ ഡി.എസ്.പി കെ.കെ ജോഷ്വ, മുൻ അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ പി.എസ് ജയപ്രകാശ് എന്നിവർക്കെതിരെയാണ് കുറ്റപത്രം. ഇവർക്ക് കോടതി നോട്ടീസ് അയച്ചു. വ്യാജരേഖ ചമച്ച് പ്രതിയാക്കലും നിർബന്ധപൂർവം കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയതുമടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.