നമ്പി നാരായണനും സി.ബി.ഐ ഉദ്യോഗസ്ഥരും തമ്മിലുള്ള ഭൂമി ഇടപാടുകൾ അന്വേഷിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചാരക്കേസ് പ്രതികൾ
|രമൺ ശ്രീവാസ്തവയുടെ ഭാര്യ അഞ്ജലി ശ്രീവാസ്തവയുമായി നടന്ന ഭൂമിയിടപാടുകളെ കുറിച്ചും അന്വേഷിക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു
നമ്പി നാരായണനും സി.ബി.ഐ ഉദ്യോഗസ്ഥരും നടത്തിയ ഭൂമി ഇടപാടുകൾ അന്വേഷിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചാരക്കേസ് പ്രതികൾ ഹൈകോടതിയിൽ. സി.ബി.ഐ ഡി.ഐ.ജി രാജേന്ദ്ര നാഥ് കൗളും മുൻ ഡി.ജി.പി രമൺ ശ്രീവാസ്തവയുടെ ഭാര്യ അഞ്ജലി ശ്രീവാസ്തവയുമായി നടന്ന ഭൂമിയിടപാടുകളെ കുറിച്ചും അന്വേഷിക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു.
കേസിലെ ഒന്നും രണ്ടും പ്രതികളായ എസ്. വിജയനും തമ്പി എസ്. ദുർഗാദത്തും നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ആവശ്യം ഉന്നയിച്ചത്. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും പേരിലും ഭൂമി കൈമാറിയിട്ടുണ്ടെന്നും ഹരജിയിൽ ആരോപണമുണ്ട്.
ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ രേഖകളോ തെളിവുകളോ ഇല്ലാതെയാണ് നമ്പി നാരായണനെ അറസ്റ്റു ചെയ്തതെന്ന് സി.ബി.ഐ ഈയിടെ വ്യക്തമാക്കിയിരുന്നു. നമ്പി നാരായണനെതിരെ അന്താരാഷ്ട്ര ഗൂഢാലോചന ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും സി.ബി.ഐ വ്യക്തമാക്കിയിരുന്നു.