ഐ.എസ്.ആര്‍.ഒ ചാരക്കേസ്; നമ്പി നാരായണനെ അറസ്റ്റുചെയ്തത് തെളിവില്ലാതെയെന്ന് സി.ബി.ഐ
|നമ്പി നാരായണനെതിരെ അന്താരാഷ്ട്ര ഗൂഢാലോചന ഉണ്ടായോ എന്ന് പരിശോധിക്കും
ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ രേഖകളോ തെളിവുകളോ ഇല്ലാതെയാണ് നമ്പി നാരായണനെ അറസ്റ്റു ചെയ്തതെന്ന് സി.ബി.ഐ. നമ്പി നാരായണനെതിരെ അന്താരാഷ്ട്ര ഗൂഢാലോചന ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും സി.ബി.ഐ വ്യക്തമാക്കി. മൂന്ന് മുൻ പൊലീസ് ഉദ്യോഗസ്ഥർ നൽകിയ മുൻകൂർ ജാമ്യ ഹരജിയിലാണ് സി.ബി.ഐയുടെ മറുപടി.
നമ്പി നാരായണനെ കേസിൽപ്പെടുത്തിയതിലൂടെ ക്രയോജനിക് സാങ്കേതിക വിദ്യയുടെ വികസനം വൈകി. ഉദ്യോഗസ്ഥർ കള്ളക്കേസ് ഗൂഢാലോചനയിലെ മുഖ്യ പങ്കാളികളാണെന്നും പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ സാക്ഷികളെ ഭയപ്പെടുത്താൻ സാധ്യത ഉണ്ടെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. പൊലീസിൽ ഉന്നത പദവി വഹിച്ചവരാണ് പ്രതികളെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും സി.ബി.ഐ ആവശ്യപ്പെട്ടു.
ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചനക്കേസിലെ ഒന്നും രണ്ടും പതിനൊന്നും പ്രതികളായ വിജയന്‍, തമ്പി എസ് ദുര്‍ഗ്ഗാ ദത്ത്, ജയപ്രകാശ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളാണ് കോടതിയുടെ പരിഗണനയിലുള്ളത്. കേസ് സി.ബി.ഐ കെട്ടിച്ചമച്ചതെന്നാണ് പ്രതികളുടെ വാദം.