സർക്കാർ പൂഴ്ത്തിവെച്ചു എന്നതിൽ അർഥമില്ല, സതീശന്‍ പറയുന്നത് പച്ചക്കള്ളം; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതിപക്ഷത്തിനെതിരെ സിപിഎം
|മന്ത്രി ഗണേഷ് കുമാറിനെതിരെ ആരോപണം വന്നാൽ അപ്പോൾ പ്രതികരിക്കാമെന്ന് എം.വി ഗോവിന്ദൻ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതിപക്ഷത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. റിപ്പോർട്ട് സർക്കാർ പൂഴ്ത്തിവെച്ചു എന്ന് പറയുന്നതിൽ ഒരു അർത്ഥവുമില്ലെന്നും പ്രതിപക്ഷ നേതാവ് ഇക്കാര്യത്തിൽ പച്ചക്കള്ളമാണ് പറയുന്നതെന്നും സർക്കാറിന് ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നും എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
സർക്കാരിൻ്റെ ഒരു കൈകടത്തലും റിപ്പോർട്ടിൽ ഉണ്ടായിട്ടില്ലെന്നും സർക്കാർ ഒരു ഭാഗവും വെട്ടിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. സാംസ്കാരിക വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ചട്ടപ്രകാരം വിഷയത്തിൽ ഇടപെടാനാകില്ല. റിപ്പോർട്ടിൻ്റെ രഹസ്യാത്മകത സൂക്ഷിക്കുക എന്നതു തന്നെയാണ് പ്രത്യേകത. സ്വകാര്യ വിവരങ്ങൾ ഉള്ളതിനാൽ റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഹേമ തന്നെയാണ് സർക്കാരിനെ അറിയിച്ചത്. ഗോവിന്ദൻ പറഞ്ഞു. സംഭവത്തിൽ ഒരു തരത്തിലുമുള്ള കൈകടത്തലുകളുമില്ലെന്ന് മുഖ്യമന്ത്രി പലതവണ ആവർത്തിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമാരംഗത്ത് ഉയർന്നുവന്ന ആരോപണങ്ങളിൽ പൊലീസ് നേരത്തെ കേസെടുത്തിട്ടുണ്ടെന്നും നടിയെ ആക്രമിച്ച കേസുൾപ്പെടെ ഇതിന് ഉദാഹരണമാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. മലയാള സിനിമയെ സംരക്ഷിക്കുക എന്നതാണ് സർക്കാർ നയം. സ്ത്രീകൾക്ക് തുല്യതയും പരിരക്ഷയും ഉറപ്പാക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. പൂർണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ പറഞ്ഞിട്ടുണ്ട്. ശേഷം കോടതി എന്തു പറയുന്നോ അതനുസരിച്ച് സർക്കാർ നിലപാടെടുക്കും. എം.വി ഗോവിന്ദൻ വാർത്താ സമ്മേത്തിൽ പറഞ്ഞു.
പവർ ഗ്രൂപ്പിനെ പറ്റി ഒന്നും തനിക്കറിയില്ലെന്നും മന്ത്രി ഗണേഷ് കുമാറിനെതിരെ ആരോപണം വന്നാൽ അപ്പോൾ പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട്ടെ സിപിഎം നേതാവായ പി.കെ ശശിക്കെതിരായ ആരോപണത്തിൽ പ്രതികരിക്കാനുള്ള സമയമായില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.