അർബുദ രോഗികളുടെ പെൻഷൻ മുടങ്ങിയിട്ട് എട്ട് മാസം; മുഖം തിരിച്ച് സർക്കാർ
|സർക്കാറിന്റെ കയ്യിൽ പണമില്ലെന്ന ഉത്തരമാണ് മറുപടി
സംസ്ഥാനത്തെ അർബുദ രോഗികളുടെ പെൻഷൻ മുടങ്ങിയിട്ട് എട്ട് മാസം. കുടിശിക അടക്കമുള്ള പെൻഷൻ വിതരണം ചെയ്യണമെന്ന ആവശ്യത്തോട് സർക്കാർ മുഖം തിരിച്ചിരിക്കുകയാണ്. അർബുദ ചികിത്സയെ തുടർന്ന് സാമ്പത്തിക ബാധ്യതയിലായ ആയിരക്കണക്കിന് രോഗികൾ പെൻഷൻ കൂടി മുടങ്ങിയതോടെ കടുത്ത പ്രതിസന്ധിയിലാണ്.
ക്യാൻസർ ബാധിച്ച് ചികിത്സയിൽ തുടരുന്നതിനാൽ ജോലി എടുത്ത് സ്വന്തം കാര്യം പോലും നോക്കാനാവാത്ത അർബുദ രോഗികൾക്ക് ഏക ആശ്വാസം പ്രതിമാസം ലഭിക്കുന്ന പെൻഷൻ മാത്രമായിരുന്നു. എന്നാൽ കഴിഞ്ഞ എട്ട് മാസമായി ഈ പെൻഷൻ നിലച്ചിട്ട്. അതിന്റെ കാരണം തേടി ഇവർ കയറി ഇറങ്ങാത്ത ഓഫീസുകളില്ല. സർക്കാറിന്റെ കയ്യിൽ പണമില്ലെന്ന ഉത്തരമാണ് മറുപടി. ഓരോ തവണയും അടുത്ത മാസമെങ്കിലും പെൻഷൻ കിട്ടുമെന്ന പ്രതീക്ഷയിലാണ് രോഗികളും രോഗ മുക്തരുമായ പെൻഷൻകാരും.
കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്താണ് ഇവരുടെ പെൻഷൻ 1000 രൂപയായി വർദ്ധിപ്പിച്ച് നൽകിയത്. അതിന് ശേഷം പെൻഷൻ തുക വർദ്ധനവുണ്ടായിട്ടില്ല. എന്നാൽ ഇതും വൈകിയതോടെ ഇനി എന്ത് എന്ന ആശങ്കയിലാണ് ഈ മനുഷ്യർ.
It has been eight months since the pension of cancer patients in the state was stopped