ബേപ്പൂർ തുറമുഖത്തെ കണ്ടെയ്നർ കപ്പൽ സർവീസ് നിലച്ചിട്ട് മൂന്ന് മാസം
|കുറഞ്ഞ ചെലവിൽ മലബാറിലേക്ക് ചരക്ക് നീക്കം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതിയാണ് നിലച്ചത്
ബേപ്പൂര്‍: കോഴിക്കോട് ബേപ്പൂർ തുറമുഖത്തെ കണ്ടെയ്നർ കപ്പൽ സർവീസ് നിലച്ചിട്ട് മൂന്ന് മാസം. കുറഞ്ഞ ചെലവിൽ മലബാറിലേക്ക് ചരക്ക് നീക്കം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതിയാണ് നിലച്ചത്. കരാർ കമ്പനി പിന്മാറിയതോടെയാണ് സർവീസ് പ്രതിസന്ധിയിലായത്.
കടൽ മാർഗമുള്ള ചരക്ക് നീക്കം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു കൊച്ചി-ബേപ്പൂർ കണ്ടെയ്നർ സർവീസ് തുടങ്ങിയത്. 2021 ജൂണ്‍ 24 ന് കൊച്ചിയിലായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം. ഇറക്കുമതിക്കായി തുറമുഖത്ത് പ്രത്യേകം ക്രെയിനും റിച്ച് സ്റ്റാക്കറും ഉൾപ്പെടെ എല്ലാ സജ്ജീകരണവും ഒരുക്കി.
ജൂലൈ ഒന്നിന് ബേപ്പൂരിൽ ആദ്യ കണ്ടെയ്നർ കപ്പലെത്തി. പദ്ധതി നല്ല രീതിയിൽ മുന്നോട്ട് പോകുന്നതിനിടെയാണ് കരാർ ഏറ്റെടുത്ത കമ്പനി കപ്പൽ പിൻവലിച്ചത്. ബേപ്പൂരിൽ നിന്ന് നേരിട്ട് വിദേശ കണ്ടെയ്നർ സർവീസ് ആരംഭിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് കപ്പൽ കമ്പനിയുടെ പിന്മാറ്റം. എന്നാൽ പുതിയ കരാർ കമ്പനിയെ കണ്ടെത്തി സർവീസ് ഉടൻ പുനരാരംഭിക്കുമെന്നാണ് തുറമുഖ വകുപ്പിന്റെ വിശദീകരണം.