പുരാരേഖാവകുപ്പിൽ ജീവനക്കാരെ നിയമിക്കാൻ മന്ത്രിയുടെ ഇടപെടൽ നടന്നുവെന്ന് ആരോപണം
|പുരാരേഖാവകുപ്പിന്റെ കുന്ദമംഗലം സബ് സെന്ററിൽ ഓഫീസ് അറ്റൻഡന്റ്, ലാസ്‌കർ എന്നീ തസ്തികകളിലും ഇടുക്കിയിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിലെയും നിയമനത്തിൽ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഇടപെട്ടുവെന്നാണ് ആരോപണം.
തിരുവനന്തപുരം: പുരാരേഖാവകുപ്പിൽ കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ വകുപ്പുമന്ത്രിയുടെ ഇടപെടൽ നടന്നുവെന്ന ആരോപണത്തിൽ പ്രതിഷേധം ശക്തമാകുന്നു. മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ രാജി ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് പ്രവർത്തകർ ഇന്ന് പുരാരേഖാ വകുപ്പ് കുന്നമംഗലം സബ് സെന്റർ ഉപരോധിക്കും. കുന്ദമംഗലം സബ്‌സെന്റർ, ഇടുക്കി ജില്ലാ ഹെറിറ്റേജ് സെന്റർ എന്നിവിടങ്ങളിലെ നിയമനത്തിന് അഹമ്മദ് ദേവർകോവിൽ നിയമിക്കേണ്ടവരുടെ പേരടക്കം നിർദേശിച്ചുവെന്നാണ് ആരോപണം.
പുരാരേഖാവകുപ്പിന്റെ കുന്ദമംഗലം സബ് സെന്ററിൽ ഓഫീസ് അറ്റൻഡന്റ്, ലാസ്‌കർ എന്നീ തസ്തികകളിലും ഇടുക്കിയിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിലെയും നിയമനത്തിൽ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഇടപെട്ടുവെന്നാണ് ആരോപണം. മൂന്ന് തസ്തികളിലേക്കും നിയമിക്കേണ്ടവരുടെ പേര് വിവരങ്ങളടക്കം മന്ത്രി നിർദേശിക്കുന്ന ഇ-ഫയൽ രേഖകൾ പുറത്ത് വന്നിരുന്നു. നിയമനം നട ത്തുന്നതിന് ഡയറക്ടർക്ക് അനുമതി നൽകാൻ എപ്രിൽ രണ്ടിന് മന്ത്രി ഇ-ഫയൽ വഴി ഉത്തരവിടുകയായിരുന്നു. വിഷയത്തിൽ മന്ത്രിക്കെതിരെ ശക്തമായ സമരപരിപാടികൾ ആസൂത്രണം ചെയ്യാനാണ് യു.ഡി.എഫ് തീരുമാനം. ഇന്ന് മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ കുന്നമംഗലം പുരാരേഖാവകുപ്പ് സബ് സെന്റർ ഉപരോധിക്കും. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നലെ കോൺഗ്രസും വെൽഫെയർ പാർട്ടിയും സബ് സെന്റർ ഉപരോധിച്ചിരുന്നു.