'അപ്പ ഇല്ലാത്തൊരു തെരഞ്ഞെടുപ്പാണ്, ഭൂരിപക്ഷം ജനം തീരുമാനിക്കും': ചാണ്ടി ഉമ്മൻ
|പുതുപ്പള്ളിയില്‍ മോശം റോഡില്ല എന്നതിന് ഏറ്റവും വലിയ തെളിവാണ് താന്‍ ചെരിപ്പില്ലാതെ നടന്ന് വോട്ട് ചോദിക്കുന്നതെന്നും ചാണ്ടി ഉമ്മന്‍ മീഡിയവണിനോട്
പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ജനം തീരുമാനിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. തെരഞ്ഞെടുപ്പിൽ ശുഭ പ്രതീക്ഷയാണുള്ളതെന്നും ചാണ്ടി ഉമ്മൻ മീഡിയവണിനോട് പറഞ്ഞു.
'കലാശക്കൊട്ടിൽ പങ്കെടുക്കേണ്ട എന്നത് തീരുമാനിച്ചതാണ്. അപ്പ ഇല്ലാത്ത തെരഞ്ഞെടുപ്പാണ്. അതുകൊണ്ട് ആഘോഷിക്കാനുള്ള സാഹചര്യമല്ല. പക്ഷേ തെരഞ്ഞെടുപ്പ് ആയതുകൊണ്ട് പരമാവധി പേരെ കണ്ട് വോട്ട് ഉറപ്പിക്കണം. അത് ചെയ്തു. ഭാരത് ജോഡോ യാത്രക്ക് 4000 കിലോമീറ്റർ നടന്നയാളാണ്. നല്ല റോഡാണെങ്കിൽ എനിക്ക് നടക്കാൻ ഏറ്റവും ഇഷ്ടം ചെരിപ്പില്ലാതെയാണ്. ഈ മണ്ഡലത്തിൽ മോശം റോഡില്ല എന്നതിന് ഏറ്റവും വലിയ തെളിവാണ് എന്റെ നടത്തം. ഈ മണ്ഡലത്തിൽ 13 ഓളം കിലോമീറ്റർ ചെരിപ്പില്ലാതെയാണ് നടന്നത്. എന്നിട്ട് വ്യാജപ്രചാരണം നടത്തുകയാണ്. ഇരുപത് വർഷമായി കുടുംബത്തെ വേട്ടയാടുന്നു. ഉമ്മൻ ചാണ്ടിയുടെ വിഷമം ഞാൻ കണ്ടതാണ്'. പുതുപ്പള്ളിയിൽ പാർട്ടി നന്നായി പിന്തുണച്ചെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
അതേസമയം, പുതുപ്പള്ളിയിൽ ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കും. നിശബ്ദ പ്രചാരണ ദിനമായ ഇന്ന് സ്ഥാനാർഥികൾ പരമാവധി പേരെ നേരിട്ട് കണ്ട് വോട്ടഭ്യർഥിക്കും. വോട്ടർമാർക്കുള്ള സ്ലിപ് വിതരണം രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ നടക്കും. പോളിംഗ് സാമഗ്രികളുടെ വിതരണവും ഇന്ന് നടക്കും.
കോട്ടയം ബസേലിയോസ് കോളജിൽ സൂക്ഷിച്ച പോളിംഗ് സാമഗ്രികൾ രാവിലെ മുതൽ വിതരണം ചെയ്യും. ഒരു ലക്ഷത്തി എഴുപത്തയ്യായിരം വോട്ടർമാരുള്ള പുതുപ്പള്ളിയിൽ 182 ബൂത്തുകളാണുള്ളത്. 182 ബൂത്തുകളിലായി 872 ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.