കടുവ ഇറങ്ങുന്നത് പതിവാകുന്നു; ഭീതിയില്‍ പുൽപ്പള്ളി നിവാസികള്‍
|കഴിഞ്ഞ ദിവസം രാവിലെയാണ് പ്ലാവനാക്കുഴിയില്‍ തോട്ടത്തില്‍ കെട്ടിയിരുന്ന പശുവിനെ കടുവ ആക്രമിച്ചിരുന്നു
വയനാട്: വയനാട് പുൽപ്പള്ളിയിൽ കടുവയിറങ്ങുന്നത് പതിവായതോടെ പ്രദേശം ഭീതിയിൽ. ചാമപ്പാറ പ്ലാവനാക്കുഴിയില്‍ ജോണിന്റെ പശുവാണ് കഴിഞ്ഞദിവസം ആക്രമണത്തിനിരയായത്. കടുവാ സാന്നിദ്ധ്യം സ്ഥിരീകരിച്ചതോടെ പ്രദേശത്ത് കടുത്ത ജാഗ്രതയിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ. കഴിഞ്ഞ ദിവസം രാവിലെയാണ് പ്ലാവനാക്കുഴിയില്‍ ജോണിന്റെ തോട്ടത്തില്‍ കെട്ടിയിരുന്ന പശുവിനെ കടുവ ആക്രമിച്ചത്.
പ്രദേശവാസികൾ ബഹളം വച്ചതോടെ കടുവ പശുവിനെ ഉപേക്ഷിച്ച് ഓടിപ്പോയി. കഴുത്തിനും തലയ്ക്കും സാരമായ പരിക്കേറ്റ നിലയിലാണ് പശു. കഴിഞ്ഞദിവസം കൊളവള്ളിയില്‍ പാടത്ത് മേയാന്‍ വിട്ടിരുന്ന ആടിനെയും കടുവ കൊന്നിരുന്നു. ഇതിനു പിന്നാലെ പ്രദേശത്ത് കടുവയേയും മൂന്ന് കുഞ്ഞുങ്ങളേയും പകൽ വെളിച്ചത്തിൽ നാട്ടുകാര്‍ കാണുകയും ചെയ്തു. ഇതോടെ കടുവയെ നിരീക്ഷിക്കാൻ പ്രദേശത്ത് വനപാലകര്‍ രണ്ട് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. അതേസമയം പ്രദേശത്തെ ആശങ്കയിലാക്കിയ കടുവയെ കൂടുവെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.