കെ.എസ്.ആർ.ടി.സി ലോ ഫ്‌ളോർ ബസുകൾ ക്ലാസ് മുറികളാക്കുന്നത് കെ.ഇ.ആർ ചട്ടങ്ങള്‍ക്ക് വിരുദ്ധം
|ബസിൽ ക്ലാസ് മുറികൾ ഒരുക്കണമെങ്കിൽ കെ.ഇ.ആർ ചട്ടം ഭേദഗതി ചെയ്യേണ്ടിവരും
പാലക്കാട്: കെഎസ്ആർടിസി ലോ ഫ്ലോർ ബസുകൾ സ്കൂൾ ക്ലാസ് മുറികളാക്കുന്നത് കെ.ഇ.ആർ ചട്ടങ്ങള്‍ക്ക് വിരുദ്ധം. ബസിനുള്ളിൽ ക്ലാസ് മുറികൾ ഒരുക്കാൻ ചട്ടം അനുവദിക്കുന്നില്ല. മേൽ കൂരയായി അസ്ബറ്റോസ് ഷീറ്റുകൾ പോലും പാടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് പുതുതായി ഇറക്കിയ ഉത്തരവ്.
ഗതാഗത മന്ത്രി പറഞ്ഞ അത്ര എളുപ്പത്തിൽ ബസുകൾ ക്ലാസ് മുറികൾ ആക്കാൻ കഴിയില്ല. കെ.ഇ.ആർ ചട്ട പ്രകാരം എൽ.പി സ്കൂളുകൾ 20 അടി വീതിയും 18 നീളവും 10 അടി ഉയരവും വേണം. യു.പി, ഹൈസ്കൂൾ ക്ലാസുകൾക്ക് 20 അടി നീളവും , 20 അടി വീതിയും 13 അടി നീളവും വേണം. ഈ മാനദണ്ഡങ്ങൾ പ്രകാരം ബസിൽ ക്ലാസ് ഒരുക്കൽ അസാധ്യമാണ്.
ഈ മാസം ഏഴാം തിയതി പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ഇറക്കിയ ഉത്തരവിൽ അസ്ബറ്റോസ് ഷീറ്റ് മേൽക്കൂര മാറ്റണമെന്ന് പറയുന്നു. അതെ സമയത്താണ് ടിൻ ഷീറ്റിനടയിലിരുത്തി കുട്ടികളെ പഠിപ്പിക്കാമെന്നാണ് മന്ത്രി പറയുന്നത്. ലോ ഫ്ലോർ ബസുകളിൽ എ.സി പ്രവർത്തിപ്പിച്ചോ ഇരുവശത്തുമായുള്ള ചില്ലുകൾ മാറ്റിയാലോ മാത്രമെ ബസിനെ ക്ലാസ് മുറികളാക്കാൻ കഴിയൂ.കെ. ഇ.ആർ ചട്ടം ഭേദഗതി ചെയുകയോ പ്രത്യേക ഉത്തരവിറക്കുകയോ ചെയ്താൽ മാത്രമെ ബസിലെ ക്ലാസ് മുറികൾ യാഥാർഥ്യമാകൂ.