Kerala
T Siddique
Kerala

'രാഹുൽ മത്സരിക്കരുതെന്ന് പറയുന്നത് അനൗചിത്യം'; ആനി രാജക്കെതിരെ ടി.സിദ്ദിഖ്

Web Desk
|
19 March 2024 6:39 AM GMT

തന്നെ മറ്റ് മണ്ഡലങ്ങളിൽ പരിഗണിക്കരുതെന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നെന്നും ടി.സിദ്ദിഖ് പറഞ്ഞു.

വയനാട്: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ പാടില്ലായിരുന്നുവെന്ന പരാമർശം ആനിരാജ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ടി.സിദ്ദീഖ് എം.എൽ.എ. സിറ്റിങ് എം.പി മത്സരിക്കരുതെന്ന് പറയുന്നത് അനൗചിത്യമാണ്. തന്നെ മറ്റ് മണ്ഡലങ്ങളിൽ പരിഗണിക്കരുതെന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു. ഇൻഡ്യ മുന്നണിയില്ലാത്ത സ്ഥലങ്ങളിൽ ഘടകകക്ഷികൾ തമ്മിൽ പരസ്പരം മത്സരിക്കുന്നുണ്ട്. വയനാട്ടിലെ രാഹുലിന്റെ ഭൂരിപക്ഷം അഞ്ചുലക്ഷമാകുമെന്നും ടി.സിദ്ദീഖ് മീഡിയവൺ ദേശീയപാതയിൽ പറഞ്ഞു.

"രാഹുൽ ഗാന്ധിയെ കേവലം ഒരു സ്ഥാനാർഥിയായി മാത്രമല്ല കാണുന്നത്. ഇൻഡ്യ മൂവ്മെന്റ് അധികാരത്തിൽ വരും. ഇന്ത്യൻ പ്രധാനമന്ത്രിയായി രാഹുൽ ഗാന്ധി കടന്നുവരും.കൂടാതെ, വയനാട് ജില്ല അഭിമുഖീകരിക്കുന്ന റെയിൽവേ, ബദൽ റോഡ്, മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ഗൗരവതരമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒറ്റമൂലിയാണ് രാഹുൽ ഗാന്ധി"- ടി സിദ്ദിഖ് പറയുന്നു.

രാഹുൽ ഗാന്ധിയെന്ന ദേശീയ നേതാവിനെ കോണ്‍ഗ്രസ് 'കേരള' കോണ്‍ഗ്രസുകാരനാക്കിയെന്നായിരുന്നു ആനി രാജയുടെ കുറ്റപ്പെടുത്തൽ. ഇങ്ങനെയൊരു മത്സരം രാഹുലും കോണ്‍ഗ്രസും ഒഴിവാക്കേണ്ടതായിരുന്നു. ഈ മത്സരത്തിന് ഉത്തരവാദി എ.ഐ.സി.സിയും പ്രത്യേകിച്ച് കെ.സി.വേണുഗോപാലുമാണെന്നും ആനി രാജ പറഞ്ഞു.

Similar Posts