'ബന്ധുക്കൾക്ക് ജോലി വാങ്ങിക്കൊടുക്കുന്നത് അവകാശമല്ല': പാർട്ടിയിലെ തെറ്റായ പ്രവണതകൾക്കെതിരെ സിപിഎം
|ഭരണം കിട്ടിയതോടെ കിട്ടാവുന്നതെല്ലാം നേടിയെടുക്കണമെന്ന മനോഭാവം പാർട്ടിയിൽ വേരുറയ്ക്കുന്നു എന്ന സ്വയം വിമർശനമാണ് രേഖയിൽ പ്രധാനമായും ഉള്ളത്
പാർട്ടിയിലെ തെറ്റായ പ്രവണതകൾക്കെതിരെ താക്കീതുമായി സിപിഎം. സ്ഥാനങ്ങൾ നേടിയെടുക്കാനുള്ള ആർത്തിയിൽ നിന്ന് സഖാക്കളെ മോചിപ്പിക്കണമെന്നും അർഹതപ്പെട്ടവർക്ക് ലഭിക്കേണ്ട തൊഴിൽ പാർട്ടി നേതാക്കൾ തട്ടിയെടുത്തെന്ന വികാരമുണ്ടാകുന്നത് പാർട്ടിയും ജനങ്ങളും തമ്മിൽ അകൽച്ചയ്ക്ക് കാരണമാകുമെന്നും സംസ്ഥാന കമ്മിറ്റി അംഗീകരിച്ച തെറ്റ് തിരുത്തൽ രേഖയിൽ ചൂണ്ടിക്കാട്ടി.
പാർട്ടി നേതാക്കളുടെ ബന്ധുക്കൾക്ക് ജോലി വാങ്ങിക്കൊടുക്കുന്നത് അവകാശമല്ല. ഡിസംബർ 20,21 തീയതികളിലാണ് സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി യോഗം തെറ്റ് തിരുത്തൽ രേഖ അംഗീകരിച്ചത്. പി.ജയരാജൻ ഇ.പി ജയരാജനെതിരെ ആരോപണമുന്നയിച്ചത് ഈ സംസ്ഥാന കമ്മിറ്റിയിലാണ്.
ഭരണം കിട്ടിയതോടെ കിട്ടാവുന്നതെല്ലാം നേടിയെടുക്കണമെന്ന മനോഭാവം പാർട്ടിയിൽ വേരുറയ്ക്കുന്നു എന്ന സ്വയം വിമർശനമാണ് രേഖയിൽ പ്രധാനമായും ഉള്ളത്. "പലവിധ അധികാരങ്ങൾ ലഭിച്ചില്ലെന്ന പരാതിക്ക് കാരണം ഇത്തരം ചിന്താഗതികളാണ്. സ്ഥാനമാനങ്ങൾ നേടണമെന്ന ആർത്തിയിൽ നിന്ന് സഖാക്കളെ മോചിപ്പിക്കേണ്ട സാഹചര്യമാണുള്ളത്. രണ്ടാമതും ഭരണം കിട്ടിയതോടെ അത്തരം പ്രവണതകൾ അധികരിച്ചു. ഉത്തരവാദിത്തപ്പെട്ട പദവിയിലെത്തിയാൽ ബന്ധുക്കൾക്ക് ജോലി നേടിക്കൊടുക്കുക എന്നത് ചിലർക്ക് അവകാശം പോലെയാണ്. ഇവരുടെ പ്രവർത്തനം അവമതിപ്പുണ്ടാക്കുന്നു. അർഹതപ്പെട്ടവർക്ക് ലഭിക്കേണ്ട തൊഴിൽ പാർട്ടി നേതാക്കൾ തട്ടിയെടുത്തെന്ന വികാരമാണ് ഇതിലൂടെ ഉണ്ടാവുക. ഇത് ജനങ്ങളും പാർട്ടിയും തമ്മിൽ അകൽച്ചയ്ക്ക് കാരണമാകും. യഥാർഥത്തിൽ സംരക്ഷണം കിട്ടേണ്ടവർക്ക് അത് കിട്ടാതെ പോവുകയും ചെയ്യും". തിരുത്തൽ രേഖയിൽ പാർട്ടി വിലയിരുത്തി.