മറുനാടൻ മലയാളിയെ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ ജോലിയല്ല: വി.ഡി സതീശൻ
|"മറുനാടനെ കുറിച്ച് ഞങ്ങൾക്കാണ് ഏറ്റവും കൂടുതൽ പരാതിയുള്ളത്."
തിരുവനന്തപുരം: ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളിയെ സംരക്ഷിക്കേണ്ടത് തങ്ങളുടെ ബാധ്യതയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മാധ്യമ പ്രവർത്തകരുടെ വീടുകൾ റെയ്ഡ് ചെയ്ത് അവരുടെ ഫോണുകൾ പിടിച്ചെടുക്കുന്നതിന് എതിരായാണ് സംസാരിച്ചതെന്നും സതീശൻ വിശദീകരിച്ചു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പി.വി അൻവർ മുഖ്യധാരാ മാധ്യമങ്ങളിലെ മാധ്യമപ്രവർത്തകർക്കു നേരെ ആക്രോശിക്കുകയാണ്. അദ്ദേഹം സിപിഎമ്മിന്റെ എംഎൽഎയാണ്. സിപിഎമ്മിന്റെ അറിവോടെയാണോ അദ്ദേഹം ഇതു ചെയ്യുന്നത്. ഓരോ ദിവസവും ചെസ്റ്റ് നമ്പറിട്ട് ഓരോ മാധ്യമ സ്ഥാപനങ്ങളെ പൂട്ടിക്കും. പിന്നെ മുഖ്യധാരാ മാധ്യമങ്ങളിലെ മാധ്യമപ്രവർത്തകർക്കു നേരെ ഗുണ്ടകളെ പറഞ്ഞുവിടും. ഒരു എംഎൽഎ നടത്തുന്ന വെല്ലുവിളികളെ കുറിച്ച് ചോദിക്കേണ്ടേ?'- സതീശൻ ചോദിച്ചു.
'മറുനാടനെ സംരക്ഷിക്കാനാണ് ഇത് പറഞ്ഞത് എന്ന് സിപിഎം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. മറുനാടന്റെ കേസിൽ ഞങ്ങൾ വ്യക്തമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ആ കേസ് നടക്കട്ടെ. വേറൊരു എംഎൽഎ പരാതി കൊടുത്തതല്ലേ. ഹൈക്കോടതിയും സുപ്രിം കോടതിയും കേസിൽ ഇടപെട്ടിട്ടുണ്ട്. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾക്കെതിരെ എത്രയോ അപകീർത്തി കേസുകളുണ്ട്. അഭിഭാഷകരെ വച്ച് അവർ അതു നടത്തുന്നുമുണ്ട്. ഞങ്ങൾ മറുനാടനെ സംരക്ഷിക്കാൻ ഇറങ്ങിയതല്ല. മറുനാടനെ കുറിച്ച് ഞങ്ങൾക്കാണ് ഏറ്റവും കൂടുതൽ പരാതിയുള്ളത്. കാരണം രാഹുൽ ഗാന്ധിക്കും മല്ലികാർജ്ജുൻ ഖാർഗെയ്ക്കുമെതിരായി, എനിക്കെതിരായി, ടി.എൻ പ്രതാപനെതിരായി, എത്രയോ കോൺഗ്രസ് നേതാക്കൾക്കെതിരായി അധിക്ഷേപകരമായ പരാമർശങ്ങൾ അവർ നടത്തിയിട്ടുണ്ട്. ഞാൻ നടത്തിയ ഇഫ്താർ പാർട്ടിയെ കുറിച്ചൊക്കെ വളരെ മോശമായാണ് അതിൽ വാർത്ത വന്നത്. ഞങ്ങളത് സഹിഷ്ണുതയോടു കൂടെ നേരിടും. ദുബായിലെ ഹോട്ടൽ ശൃംഖലയിൽ നിക്ഷേപമുണ്ടെന്ന് ദേശാഭിമാനിയിൽ വാർത്ത വന്നു. രാഷ്ട്രീയത്തിൽ ഇത്തരം അധിക്ഷേപങ്ങളൊക്കെ കേൾക്കേണ്ടി വരും. അതൊക്കെ ഇതിന്റെ ഭാഗമാണ്. അതിന്റെ പേരിൽ മാധ്യമപ്രവർത്തകരുടെ വീടുകൾ റെയ്ഡ് ചെയ്ത് അവരുടെ ഫോണുകൾ പിടിച്ചെടുക്കുന്നതിനെതിരെയാണ് ഞങ്ങൾ സംസാരിച്ചത്. അല്ലാതെ മറുനാടനെ സംരക്ഷിക്കുന്നത് ഞങ്ങളുടെ ജോലിയല്ല.' - അദ്ദേഹം കൂട്ടിച്ചേർത്തു.
തെറ്റ് മറുനാടൻ ചെയ്താൽ മാത്രമല്ല, അൻവർ ചെയ്താലും തെറ്റാണെന്ന് സതീശൻ പറഞ്ഞു. 'തെറ്റ് മുഖ്യധാരാ മാധ്യമങ്ങൾ ചെയ്താലും തെറ്റാണ്. അധിക്ഷേപങ്ങളോട് ഞങ്ങൾ യോജിക്കുന്നില്ല. കേരളത്തിൽ നടക്കുന്ന മാധ്യമ വേട്ടയെ കുറിച്ച് യുഡിഎഫ് ഗൗരവമായി ചർച്ച ചെയ്തിട്ടുണ്ട്. അധിക്ഷേപിക്കുക എന്നത് സിപിഎമ്മിന്റെ രീതിയാണ്. അവർക്ക് ചോദ്യങ്ങൾക്ക് മറുപടിയില്ല.' - സതീശൻ കുറ്റപ്പെടുത്തി.