Kerala
അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവം; നെഫ്രോളജി വിഭാഗം മേധാവിക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്
Kerala

അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവം; നെഫ്രോളജി വിഭാഗം മേധാവിക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്

Web Desk
|
12 Aug 2022 6:34 AM GMT

ശസ്ത്രക്രിയ വൈകിയതല്ല രോഗിയുടെ മരണത്തിന് കാരണമെന്നും ആരോഗ്യവകുപ്പ് അഡീഷണൻ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിലുണ്ട്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ രോഗി മരിച്ചതിൽ നെഫ്രോളജി വിഭാഗം മേധാവിക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്. ശസ്ത്രക്രിയ വൈകിയതല്ല രോഗിയുടെ മരണത്തിന് കാരണമെന്നും ആരോഗ്യവകുപ്പ് അഡീഷണൻ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിലുണ്ട്. നെഫ്രോളജി വിഭാഗം മേധാവിക്ക് ഏകോപനത്തിൽ വീഴ്ച പറ്റിയതായി ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.

കാരക്കോണം സ്വദേശി സുരേഷ് കുമാറിന്‍റെ ശസ്ത്രക്രിയ വൈകിയതിൽ നെഫ്രോളജി വിഭാഗം തലവന്‍ ഡോ.ജേക്കബ് ജോര്‍ജിന്‍റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയയ്ക്കുള്ള നിര്‍ദേശം നല്‍കിയില്ല,അനുമതിയില്ലാതെ ആശുപത്രിയില്‍ നിന്ന് വിട്ട് നിന്നു,പകരം ചുമതല നല്‍കിയില്ല തുടങ്ങിയവയാണ് കണ്ടെത്തലുകൾ.

സംഭവസമയത്ത് അവയവമാറ്റ ഏജന്‍സി കോര്‍ഡിനേറ്റേഴ്സും ആശുപത്രിയിലുണ്ടായിരുന്നില്ല. രോഗിയുടെ മരണകാരണം ശസ്ത്രക്രിയ വൈകിയതുകൊണ്ടല്ലെന്നും ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസ് ആരോഗ്യവകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വീഴ്ച വരുത്തിയവര്‍ക്കെതിരെ അടച്ചടക്ക നടപടിക്കും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു. തുടർ നടപടിയെടുക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ആരോഗമന്ത്രി നിർദേശം നൽകി. ഏകോപനത്തിൽ പിഴവ് വരുത്തിയതിന് ഡോ.ജേക്കബ് ജോര്‍ജിനെയും യൂറോളജി വിഭാഗം തലവന്‍ ഡോ.വാസുദേവന്‍ പോറ്റിയെയും ആരോഗ്യമന്ത്രി സസ്പെന്‍ഡ് ചെയ്തിരുന്നു.



Similar Posts