Kerala
IT notice to Muslim league leaders in ar nagar bank scam, AR Nagar bank scam, Mulslim league leaders,
Kerala

എ.ആർ നഗർ ബാങ്ക് തട്ടിപ്പിൽ മുസ്‌ലിം ലീഗ് നേതാക്കൾക്ക് ഐടി നോട്ടീസ്

Web Desk
|
15 Jun 2024 6:18 AM GMT

നികുതിയും കുടിശ്ശികയും ഉടൻ അടച്ചില്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടുമെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.

കൊച്ചി: മലപ്പുറം എ.ആർ നഗർ സഹകരണ ബാങ്ക് ക്രമക്കേടിൽ മുസ്‌ലിം ലീഗ് നേതാക്കൾക്ക് ആദായനികുതി വകുപ്പ് നോട്ടീസ്. ലീഗ് നേതാവും മുന്‍മന്ത്രിയുമായ പി.കെ.കെ ബാവ അടക്കം 16 പേർക്കാണ് നോട്ടീസ്. ബാങ്കിലെ നിക്ഷേപത്തിന് ആദായ നികുതിയും പിഴയും അടക്കണമെന്നാവശ്യം. നികുതിയും കുടിശ്ശികയും ഉടൻ അടച്ചില്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടുമെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.

മുസ്‌ലിം ലീഗ് മുന്‍ ട്രഷറർ പി.കെ.കെ ബാവ, മുന്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദർ മൗലവി, മുന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഉമർപാണ്ടികശാല, മുന്‍ വയനാട് ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം എന്നിങ്ങനെ 16 നേതാക്കള്‍ക്കാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയത്. എ ആർ നഗർ ബാങ്ക് അക്കൗണ്ടിലെ നിക്ഷേപത്തിനുള്ള നികുതി കുടശിക അടച്ചില്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടുമെന്നാണ് നോട്ടീസിലെ ഉള്ളടക്കം. പി.കെ.കെ ബാവ 1.18 കോടി, അബ്ദുല്‍ ഖാദർ മൗലവി 2.4 കോടി, അബുദല്‍ കരീം 1.35 കോടി, ഉമർ പാണ്ടികശാല 1.8 കോടി എന്നിങ്ങനെ തുക അടക്കണമെന്നാണ് നോട്ടീസ്

2022 മുതല്‍ ലീഗ് നേതാക്കള്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് വരുന്നുണ്ട്. എ ആർ നഗർ ബാങ്കില്‍ തങ്ങള്‍ക്ക് അക്കൗണ്ടില്ലെന്ന വിവരമാണ് ഈ നേതാക്കള്‍ നൽകിയിരിക്കുന്നത്. വീണ്ടും നോട്ടീസ് വന്നതോടെ ആരാണ് ഈ അക്കൗണ്ടുകള്‍ക്ക് പിന്നിലെന്ന് ചോദ്യം ഒരിക്കല്‍ കൂടി സജീവമാകും. ലീഗ് നേതാക്കളുടെ പേരില്‍ വ്യാജ അക്കൗണ്ട് തുടങ്ങി മറ്റാരോ ബിനാമി നിക്ഷേപം നടത്തിയെന്ന ആരോപണമാണ് എ ആർ നഗർ ബാങ്ക് തട്ടിപ്പ് സംബന്ധിച്ചുള്ളത്. ഹൈക്കോടതിയില്‍ ഒരു ഹരജി വന്നതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പ് ഇപ്പോള്‍ നടപടി പുനരാരംഭിച്ചത്.

എ.ആർ നഗർ സഹകരണ ബാങ്ക് ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിൽ കഴിഞ്ഞദിവസം ഇ.ഡിക്ക് ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു. നാലാഴ്ചക്കകം മറുപടി നൽകാനാണ് ഹൈക്കോടതി നിർദേശം നൽകിയത്. പരാതികളിൽ നടപടിയില്ലെന്ന് പറഞ്ഞ് നിക്ഷേപകനായ ഫൈസൽ നൽകിയ ഹരജിയിലാണ് കോടതി നിർദേശം.

48 കോടി രൂപയുടെ ക്രമക്കേടാണ് സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ നേരത്തെ കണ്ടെത്തിയത്. 156 വ്യാജവിലാസങ്ങളിലായാണ് ഈ പണം നിക്ഷേപിച്ചത്. ഇത് ഹവാല പണമാണെന്നാണ് ഹരജിക്കാരൻ ആക്ഷേപിക്കുന്നത്. യഥാർഥ നിക്ഷേപകരെ കണ്ടെത്തണമെന്നും ആവശ്യമുണ്ട്. ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് മാനേജർ പ്രസാ​ദ് നേരത്തെ ഇ.ഡിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിലും നടപടിയൊന്നുമുണ്ടായില്ലെന്നാണ് ഹരജിക്കാരൻ പറയുന്നത്.

Similar Posts