പബ്ബ് ലൈസൻസിൽ ബാറുടമയുമായി തർക്കം; രാജിസന്നദ്ധത അറിയിച്ച് ഐടി പാർക്ക് സിഇഒ
|ഐടി മേഖലയിൽ പബ് അനുവദിക്കുന്നതടക്കമുള്ള നിർണ്ണായക പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നതിനിടയിലാണ് ഐടി പാർക്ക് സിഇഒ ജോൺ എം തോമസ് രാജി സന്നദ്ധത അറിയിച്ചിരിക്കുന്നത്
തിരുവനന്തപുരം: രാജിസന്നദ്ധത അറിയിച്ച് ഐടി പാർക്ക് സിഇഒ ജോൺ എം തോമസ്. തീരുമാനത്തിന് പിറകിൽ വ്യക്തിപരമായ കാരണങ്ങളാണെന്നാണ് വിശദീകരണം നൽകുന്നത്. എന്നാൽ ഐടി പാർക്കുകളിൽ പബ് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.
ഐടി മേഖലയിൽ പബ് അനുവദിക്കുന്നതടക്കമുള്ള നിർണ്ണായക പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നതിനിടയിലാണ് ഐടി പാർക്ക് സിഇഒ ജോൺ എം തോമസ് രാജി സന്നദ്ധത അറിയിച്ചിരിക്കുന്നത്. ടെക്‌നോപാർക്ക്, ഇൻഫോ പാർക്ക്, സൈബർ പാർക്ക് എന്നീ പാർക്കുകളുടെ സിഇഒ സ്ഥാനത്തിന് പുറമെ കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ സിഇഒ സ്ഥാനവും ജോൺ എം തോമസ് വഹിക്കുന്നുണ്ട്.
അമേരിക്കയിലുള്ള കുടുംബത്തിനൊപ്പം നിൽക്കുന്നതിനായി പോകുന്നു എന്നതാണ് രാജിക്ക് കാരണമായി പറഞ്ഞിരിക്കുന്നതെങ്കിലും അതല്ല യഥാർത്ഥ വിഷയമെന്നാണ് സൂചന. ടെക്‌നോ പാർക്കിൽ പബ്ബ് ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നഗരത്തിലെ പ്രമുഖ ബാറുടമയുമായി തർക്കം ഉണ്ടായെന്നും ഈ തർക്കമാണ് അടിയന്തര രാജി തീരുമാനത്തിന് പിന്നിലെന്നുമാണ് പുറത്ത് വരുന്ന സൂചന. എന്നാൽ ഇത് ഔദ്യോഗിക കേന്ദ്രങ്ങൾ നിഷേധിക്കുന്നുണ്ട്. ഐടി വകുപ്പ് മുഖ്യമന്ത്രിയുടെ കീഴിലായതിനാൽ അദ്ദേഹം വിദേശത്തുനിന്ന് മടങ്ങിയെത്തിയതിനുശേഷമേ രാജിയുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകാൻ സാധ്യതയുള്ളു.
IT Park CEO John M. Thomas announces ready to resign