വയനാട് കല്ലൂർകുന്നിൽ പശുവിനെ കൊന്നത് വാകേരിയിലെ നരഭോജി കടുവ തന്നെ; ഡ്രോൺ നിരീക്ഷണം ശക്തം
|കടുവക്കായുള്ള തെരച്ചിൽ ഒരാഴ്ച പിന്നിട്ടിട്ടും ഫലം കാണാത്തതിൽ കടുത്ത നിരാശയിലാണ് പ്രദേശവാസികൾ
വാകേരി(വയനാട്): കൂടല്ലൂരിൽ പ്രജീഷിന്റെ ജീവനെടുത്ത കടുവ തന്നെയാണ് കല്ലൂർകുന്നില്‍ പശുവിനെ കൊന്നതെന്ന് സ്ഥിരീകരണം. ജഡത്തിലെ മുറിവുകളും പ്രദേശത്തെ കാൽപ്പാടുകളും പരിശോധിച്ചാണ് വനംവകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രദേശം കേന്ദ്രീകരിച്ച് ഊർജ്ജിത തെരച്ചിൽ തുടരുകയാണെന്നും കടുവ വൈകാതെ പിടിയിലാകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
വാകേരി കല്ലൂർകുന്നിൽ ഇന്നലെ രാത്രിയാണ് വാകയിൽ സന്തോഷിന്റെ പശുവിനെ കടുവ കൊന്നത്. അർദ്ധരാത്രിയോടെ ബഹളം കെട്ട് പുറത്തിറങ്ങിയ സന്തോഷും കുടുംബവും കടുവയുടെ ആക്രമണം നേരിൽ കണ്ടു.
പ്രജീഷിന്റെ ജീവനെടുത്ത വാകേരി കൂടല്ലൂരിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയാണ് ഇന്നലെ കടുവയുടെ ആക്രമണമുണ്ടായ കല്ലൂർകുന്ന്. കണ്ണൂര്‍ ഡിഎഫ്ഒ അജിത്.കെ രാമന്റെയും റൈഞ്ചര്‍ അബ്ദുള്‍ സമദിന്റെയും നേതൃത്വത്തില്‍ പ്രദേശത്ത് ഡ്രോണ്‍ നിരീക്ഷണവും തെരച്ചിലും ശക്തമാക്കി.
കടുവക്കായുള്ള തെരച്ചിൽ ഒരാഴ്ച പിന്നിട്ടിട്ടും ഫലം കാണാത്തതിൽ കടുത്ത നിരാശയിലാണ് പ്രദേശവാസികൾ. അറ്റമില്ലാതെ തുടരുന്ന ഭീതിക്കൊപ്പം നിരോധനാജ്ഞ കൂടി ആയതോടെ ജനജീവിതവും ദുസ്സഹമായി. എന്നാൽ ഇടതൂര്‍ന്ന കാപ്പിത്തോട്ടങ്ങള്‍ വെടിവെക്കുന്നതിന് തടസ്സമാകുന്നുണ്ടെങ്കിലും കടുവ ഉടൻ പിടിയിലാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് വനം വകുപ്പ്.