'കുഴിമന്തിയോടല്ല, ആ പേരിനോടാണ് വിരോധം'; ഖേദം പ്രകടിപ്പിച്ച് വി.കെ ശ്രീരാമൻ
|അനിഷ്ടം ചിലരെ വേദനിപ്പിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ശ്രീരാമൻ ഫേസ്ബുക്കിൽ കുറിച്ചു.
തിരുവനന്തപുരം: കുഴിമന്തി വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് വി.കെ ശ്രീരാമൻ. കുഴിമന്തിയെന്ന പേരിനോടാണ് വിയോജിപ്പെന്നും തന്റെ അനിഷ്ടം ചിലരെ വേദനിപ്പിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ശ്രീരാമൻ ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം :-
കുഴിമന്തിപ്പോസ്റ്റ് സാമാന്യം തരക്കേടില്ലാത്ത വിധത്തിൽ വിവാദമായിരിക്കുന്നു എന്ന് മനസ്സിലാക്കുന്നു. ഒരു ദിവസത്തേക്ക് എന്നെ കേരളത്തിൻ്റെ ഏകാധിപതിയായി അവരോധിച്ചാൽ.. എന്ന വാചകത്തോടെയാണ് പോസ്റ്റ് തുടങ്ങുന്നത്. നടക്കാത്ത കാര്യമാണെന്ന പ്രസ്താവനയായി അതിനെ പലരും കണക്കിലെടുത്തില്ല. പിന്നെ കുഴിമന്തി എന്ന ഭക്ഷണം ഞാൻ കഴിച്ചിട്ടുണ്ട്. കുഴിമന്തിയോട് വിരോധമൊന്നുമില്ല. ഉണ്ടാക്കുന്നതിനെപ്പറ്റി , അതുണ്ടാക്കുന്ന പാചകക്കാരനെപ്പറ്റി എല്ലാം സസന്തോഷം പ്രതിപാദിക്കുന്ന ഡോക്യുമെൻ്ററിയും എടുത്തിട്ടുണ്ട്. കൈരളി ചാനലിൽ വേറിട്ട കാഴ്ചകളായി അത് സംപ്രേഷണം ചെയ്യുകയും ചെയ്തു.Epi: 832 പക്ഷെ, അന്നും ആ പേരിനോട് വിയോജിപ്പ് ഉണ്ടായിരുന്നു. ആ ഭക്ഷണത്തോടല്ല.
ആ പേരിനോട്. ഇഷ്ടാനിഷ്ടങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം നമുക്കെല്ലാമുണ്ടല്ലോ. ആ ജനാധിപത്യത്തിൽ ഞാൻ വിശ്വസിക്കുന്നു. എൻ്റെ അനിഷ്ടം ചിലരെ ക്ഷുഭിതരാക്കാനും ചിലരെ ദു:ഖിപ്പിക്കാനും ഇടവന്നു എന്നാണ് മനസിലാക്കുന്നത്. ഞാനാണല്ലോ അതിനൊക്കെ കാരണമായത് എന്നതെന്നെ സങ്കടപ്പെടുത്തുന്നു.എൻ്റെ ഖേദം അറിയിക്കുന്നു.
നേരത്തെ തടിച്ച സ്ത്രീകളെ പരിഹസിക്കാൻ ഉപയോഗിക്കുന്ന വാക്കാണ് മന്തിയെന്നും മറ്റു ഭാഷയിലെ നല്ല പദങ്ങൾ മലയാളത്തിൽ അശ്ലീലമാണെങ്കിൽ അത് ഉപയോഗിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം മീഡിയവണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. കുഴിമന്തിക്ക് പകരം നല്ല പദം ഉപയോഗിച്ചിരിന്നുവെങ്കിൽ കൂടുതൽ നന്നാകുമായിരുന്നുവെന്നും ഇത് സംബന്ധിച്ച് ഭാഷാപരമായ ചർച്ചകൾ ഉയർന്നു വരട്ടെ എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ഏകാധിപതിയായി നിയമിക്കപ്പെട്ടാൽ കുഴിമന്തി എന്ന് എഴുതുന്നതും പറയുന്നതും പ്രദർശിപ്പിക്കുന്നതും നിരോധിക്കുകയായിരിക്കും ആദ്യം ചെയ്യുകയെന്നായിരുന്നു ശ്രീരാമന്റെ വിവാദമായ ഫേസ്ബുക്ക് പോസ്റ്റ്. മലയാള ഭാഷയെ മാലിന്യത്തിൽനിന്ന് മോചിപ്പിക്കാനുള്ള നടപടിയാകും അതെന്നും അദ്ദേഹം കുറിച്ചു. എന്നാൽ, ശ്രീരാമന്റെ കുറിപ്പിനെതിരെ സാംസ്കാരിക ലോകത്തും സോഷ്യൽ മീഡിയയിലും വൻവിമർശനം ഉയരുന്നത്.
പോസ്റ്റിനു താഴെ പിന്തുണ അറിയിച്ച സുനിൽ പി. ഇളയിടവും എഴുത്തുകാരി എസ്. ശാരദക്കുട്ടിയും നിലപാട് മാറ്റി പുതിയ കുറിപ്പുകൾ എഴുതിയിരുന്നു.