'ഞാനല്ല പോസ്റ്റർ പതിപ്പിച്ചത്, തെളിഞ്ഞാൽ പരസ്യമായി മാപ്പു പറയാം'; വി.കെ ശ്രീകണ്ഠൻ എം.പി
|വന്ദേഭാരതിന് പോറൽ പോലും ഏൽപ്പിക്കാൻ ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു
വന്ദേഭാരതിൽ പോസ്റ്റർ പതിപ്പിച്ചത് താൻ അല്ലെന്ന് വി.കെ ശ്രീകണ്ഠൻ എം.പി. ട്രെയിനിനെ അഭിവാദ്യം ചെയ്യാനാണ് താൻ അവിടെയെത്തിയത്. ഷൊർണൂർ സ്റ്റേഷനിൽ വെച്ച് ആരും പോസ്റ്റർ പതിച്ചിട്ടില്ലെന്നും ഷൊർണൂരിൽ നിന്നും ട്രെയിൻ കടന്ന് പോകുന്ന വിഡിയോ തന്‍റെ പക്കൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈക്കാര്യത്തിൽ തന്‍റെ അറിവോ സമ്മതമോ ഇല്ലെന്നും ഉണ്ടെന്ന് തെളിഞ്ഞാൽ പരസ്യമായി മാപ്പു പറയാം എന്നും ശ്രീകണ്ഠൻ പറഞ്ഞു.
ആ സമയത്ത് തനിക്കൊപ്പം ആയിരത്തോളം പ്രവർത്തകർ ഉണ്ടായിരുന്നു, വേണമെങ്കിൽ ട്രെയിൻ മുഴുവൻ പോസ്റ്റർ ഒട്ടിക്കാമായിരുന്നു. എന്നാൽ താൻ ചെയ്തിട്ടില്ല. പൊലീസും ആർ.പി.എഫും അടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ മറി കടന്ന് എങ്ങനെ തനിക്ക് ചെയ്യാനാകുമെന്നും അദ്ദേഹം ചോദിച്ചു. പോസ്റ്റർ ഒട്ടിച്ചതിൽ തന്‍റെ അറിവോ സമ്മതമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. റെയിൽവേ ഇക്കാര്യം പരിശോധിക്കാവുന്നതാണ്. വന്ദേഭാരതിന് പോറൽ പോലും ഏൽപ്പിക്കാൻ തങ്ങള്‍ ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.