Kerala
നുണക്കഥകൾ കൊണ്ട് എതിരാളികളെ വ്യക്തിഹത്യ ചെയ്യുന്ന സിപിഎമ്മിന്റെ മുഖത്തേറ്റ പ്രഹരം; വിഎസിനെതിരായ മാനനഷ്ടക്കേസ് വിധിയിൽ കെ സുധാകരൻ
Kerala

''നുണക്കഥകൾ കൊണ്ട് എതിരാളികളെ വ്യക്തിഹത്യ ചെയ്യുന്ന സിപിഎമ്മിന്റെ മുഖത്തേറ്റ പ്രഹരം''; വിഎസിനെതിരായ മാനനഷ്ടക്കേസ് വിധിയിൽ കെ സുധാകരൻ

Web Desk
|
24 Jan 2022 5:40 PM GMT

''നുണ ഒരു ആയുധമാണ്. സിപിഎമ്മിന്റെ എറ്റവും വലിയ ആയുധമായി ആ പ്രസ്ഥാനത്തെ നിലനിർത്തുന്നതും നുണകൾ തന്നെയാണ്''- കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

സിപിഎമ്മിനെ നിലനിർത്തുന്ന ഏറ്റവും വലിയ ആയുധമാണ് നുണയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അത്തരത്തിലൊരു നുണയാണ് വിഎസ് അച്യുതാനന്ദനെതിരായ ഉമ്മൻചാണ്ടിയുടെ മാനനഷ്ടക്കേസിലെ വിധിയിലൂടെ കോടതി ഇന്ന് പൊളിച്ചിരിക്കുന്നതെന്നും ഫേസ്ബുക്ക് കുറിപ്പിൽ സുധാകരൻ പ്രതികരിച്ചു.

'നുണ ഒരു ആയുധമാണ്'. സിപിഎമ്മിന്റെ എറ്റവും വലിയ ആയുധമായി ആ പ്രസ്ഥാനത്തെ നിലനിർത്തുന്നതും നുണകൾ തന്നെയാണ്. അത്തരത്തിലൊരു വലിയ നുണ കോടതി പൊളിച്ചിരിക്കുന്നു. പ്രിയ സഹപ്രവർത്തകൻ ഉമ്മൻ ചാണ്ടിയ്‌ക്കെതിരെ സോളാറിൽ വ്യാജ അഴിമതി ആരോപണം ഉന്നയിച്ച വിഎസിൽനിന്ന് 10.10 ലക്ഷം രൂപയും ആറു ശതമാനം പലിശയും നഷ്ടപരിഹാരം ഈടാക്കാൻ വിധി വന്നിരിക്കുന്നു-ഫേസ്ബുക്ക് കുറിപ്പിൽ സുധാകരൻ.

അടിസ്ഥാനരഹിത ആരോപണം ഉന്നയിച്ച വിഎസ് അച്യുതാനന്ദൻ അപഹാസ്യനായിരിക്കുന്നു. ഈ വിധി വിഎസിന് മാത്രമല്ല, നുണക്കഥകൾ കൊണ്ട് എതിരാളികളെ വ്യക്തിഹത്യ ചെയ്യുന്ന സിപിഎമ്മിന് ഒന്നടങ്കം മുഖത്തേറ്റ പ്രഹരമാണ്. വ്യാജ ആരോപണങ്ങളിൽ പതറാതെനിന്ന് നിയമപോരാട്ടം നടത്തി വിജയിച്ച പ്രിയപ്പെട്ട ഉമ്മൻചാണ്ടിയ്ക്ക് അഭിവാദ്യങ്ങളെന്നും സുധാകരൻ കുറിച്ചു.

സോളാർ കേസുമായി ബന്ധപ്പെട്ടുള്ള മാനനഷ്ടക്കേസിലാണ് ഇന്ന് തിരുവനന്തപുരം സബ് കോടതി വിഎസിന് കനത്ത പിഴ ചുമത്തിയത്. വിവാദമായ സോളാർ കേസുമായി ബന്ധപ്പെട്ട് അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്കെതിരെ പ്രതിപക്ഷ നേതാവായിരുന്ന വിഎസ് നടത്തിയ ഒരു പരാമർശത്തിനെതിരെ ഉമ്മൻചാണ്ടി നൽകിയ കേസിലാണ് ഇപ്പോൾ നിർണായകമായ വിധി വന്നത്. 10,10,000 രൂപ വിഎസ് ഉമ്മൻചാണ്ടിക്ക് മാനനഷ്ടത്തിനുള്ള നഷ്ടപരിഹാരമായി നൽകണമെന്ന് കേസ് പരിഗണിച്ച തിരുവനന്തപുരം സബ്ജഡ്ജി ഷിബു ഡാനിയേൽ ഉത്തരവിട്ടു.

2013 ജൂലൈ ആറിന് ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിവാദ പരാമർശം. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ഒരു കമ്പനി രൂപീകരിച്ച് തട്ടിപ്പ് നടത്തിയെന്ന വിഎസിന്റെ പരാമർശമാണ് കേസിനാസ്പദമായത്.

Summary: ''Its slap in the face of CPM followers who attack opponents with lies''; K Sudhakaran in the defamation case verdict against VS Achuthanandan

Similar Posts