ലോക്സഭാ തെരഞ്ഞെടുപ്പിൽ അധിക സീറ്റ് ചോദിക്കണമെന്ന അഭിപ്രായവുമായി മുസ്ലിം ലീഗ് ക്യാമ്പ്
|ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് തൃശൂര്‍ ചെറുതുരുത്തിയിൽ മുസ്ലിം ലീഗ് ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിൽ അധിക സീറ്റ് ചോദിക്കണമെന്ന അഭിപ്രായം മുസ്ലിം ലീഗ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ ഉയർന്നു. കോൺഗ്രസിനെതിരെ യോഗത്തിൽ വിമർശനം ഉയർന്നു. തൃശൂര്‍ ചെറുതുരുത്തിയിൽ ചേരുന്ന ക്യാമ്പ് ഇന്ന് അവസാനിക്കും.
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മുസ്ലിം ലീഗ് ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. മുസ്ലിം ലീഗിലെയും പോഷക സംഘടനയിലെയും പ്രധാന നേതാക്കളെല്ലാം യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ്കൂടി മുസ്ലിം ലീഗിന് വേണമെന്ന് നിരവധി പേർ അഭിപ്രായം രേഖപെടുത്തി. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നില്ലെങ്കിൽ വയനാട് സീറ്റോ അല്ലെങ്കിൽ കാസർക്കോട് , വടകര സീറ്റുകൾക്കോ അവകാശവാദം ഉന്നയിക്കണമെന്ന അഭിപ്രായമാണ് ഉയർന്നത്.
കേരള കോൺഗ്രസ് (എം) ഉൾപ്പെടെ യു.ഡി.എഫിൽ നിന്നും പോയ എല്ലാ പാർട്ടികളെയും തിരികെ കൊണ്ടുവരണം. ലീഗ് നേതൃത്വം ഇതിന് മുൻ കൈ എടുക്കണമെന്ന ആവശ്യവും ഉയർന്നു. കോൺഗ്രസിലെ പ്രശ്നങ്ങൾ മുന്നണിയെ ദുർബലപെടുത്തുന്നുവെന്ന വിമർശനവും ഉയർന്നു. പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങൾ കോൺഗ്രസിലെ തമ്മിൽ തല്ല് മൂലം ദുർബലപെടുന്നതായും ചില പ്രതിനിധികൾ അഭിപ്രായപെട്ടു. ഇന്ന് വൈകുന്നേരം ക്യാമ്പ് സമാപിക്കും.
Watch Video Report