ലോക്സഭാ തെരഞ്ഞെടുപ്പ്: പൊന്നാനിയും മലപ്പുറവും ഇളകില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
|ഇൻഡ്യാ മുന്നണിക്ക് വൻ പ്രതീക്ഷയുണ്ടെന്നും മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പറഞ്ഞു
മലപ്പുറം: പൊന്നാനിയും മലപ്പുറവും ഇളകില്ലെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മീഡിയ വൺ ‘ദേശീയപാത’ പരിപാടിയിൽ എഡിറ്റർ പ്രമോദ് രാമൻ നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രത്യേകിച്ച് ഒരു കാരണമുണ്ടായിട്ടൊന്നുമല്ല പൊന്നാനിയിലെയും മലപ്പുറത്തെയും സ്ഥാനാർഥികളെ വെച്ചുമാറിയത്. പല ഘടകങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ ഒരു വിലയിരുത്തലിൽ അതാണ് നല്ലതെന്ന് തോന്നി.ഇ.ടി മുഹമ്മദ് ബഷീറും സമദാനിയുമാണെങ്കിൽ പാർലമെന്റിൽ ഒഴിച്ചുകൂടാനാകാത്ത ആളുകളാണ്. അതുകൊണ്ടാണ് അവർക്ക് തന്നെ വീണ്ടും അവസരം നൽകിയത്. പുതിയ ഒരാളെ വിട്ട് ട്രെയിനിങ്ങ് കൊടുക്കേണ്ട സമയമല്ലല്ലോ ഇത്. അതുകൊണ്ടാണ് ഇരുവരെയും സ്ഥാനാർഥികളായി പരിഗണിച്ചത്.
ഇൻഡ്യാ മുന്നണിക്ക് വൻ പ്രതീക്ഷയുണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാന അടിസ്ഥാനത്തിൽ നോക്കുമ്പോൾ ബി.ജെ.പിക്ക് വൻ സീറ്റ് നഷ്ടമുണ്ടാകും. ഇൻഡ്യാ മുന്നണി പരസ്പരം മത്സരിക്കുന്നയിടത്ത് പോലും ജയിക്കുന്നത് ബി.ജെ.പിയല്ലെന്നും അദ്ദേഹം പറഞ്ഞു. ട്രെൻഡ് ബിൽഡ് ചെയ്യുന്ന ഘട്ടമാണ് വരാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. അത് ഇൻഡ്യാമുന്നണിക്ക് അനുകൂലമാകും.
കേരളത്തിൽ യു.ഡി.എഫ് നന്നായി പെർഫോം ചെയ്യുമെന്നാണ് എല്ലാവരും പറയുന്നത്. 20 സീറ്റ് കിട്ടുമെന്ന് ചില സർവെകൾ പറയുന്നത് ഒന്നോ രണ്ടോ സീറ്റോ പോകുമെന്നാണ് മറ്റ് ചില സർവെകൾ. എന്തായാലും മികച്ച വിജയമായിരിക്കും യു.ഡി.എഫിനുണ്ടാവുക.
പാർട്ടിതലത്തിൽ ആണ് താനിപ്പോൾ ഇപ്പോൾ കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു..അത് സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ഉണ്ട്. പാർലമെന്റിലില്ലെന്നെയുള്ളു. പാർലമെന്റിലായാൽ അവിടെ തന്നെ ആയിപ്പോകും. അവിടെ ഒരുപാട് പണികൾ ചെയ്യാനുണ്ട്.
അധികാരത്തിന് മാറി നിൽക്കാൻ ലീഗിന് യാതൊരു പ്രയാസവുമില്ല. ലീഗിന്റെ സംഘനാ സംവിധാനത്തിന് ക്ഷീണമുണ്ടായെന്ന് ഒരു രാഷ്ട്രീയ നിരീക്ഷകനും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.