വിരുന്നിൽ പങ്കെടുത്തതുകൊണ്ട് അലിഞ്ഞുപോകുന്നതല്ല സഭയുടെ നിലപാട്; സജി ചെറിയാനെതിരെ യാക്കോബായ സഭ
|പ്രധാനമന്ത്രിയുടെ വിരുന്നോടെ മണിപ്പൂർ വിഷയം കൂടുതൽ ചർച്ചയായെന്നും കുര്യാക്കോസ് മാർ തെയോഫിലോസ് പറഞ്ഞു.
കൊച്ചി: പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാരെ വിമർശിച്ച മന്ത്രി സജി ചെറിയാനെതിരെ യാക്കോബായ സഭ. ഏതെങ്കിലും വിരുന്നിൽ പങ്കെടുത്തതുകൊണ്ട് അലിഞ്ഞുപോകുന്നതല്ല സഭയുടെ നിലപാടെന്ന് മീഡിയ കമ്മിഷൻ ചെയർമാൻ കുര്യാക്കോസ് മാർ തെയോഫിലോസ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ വിരുന്നിനെ രാഷ്ട്രീയമായല്ല കാണുന്നത്. രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയൊരുക്കിയ ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കുന്നത് മര്യാദയുടെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിലും നവകേരള സദസ്സിലും സഭയുടെ പ്രതിനിധികൾ പങ്കെടുത്തിട്ടുണ്ട്. അതും രാഷ്ട്രീയമല്ല, സർക്കാർ നടത്തുന്ന പരിപാടിയായാണ് കാണുന്നതെന്നും കുര്യാക്കോസ് മാർ തെയോഫിലോസ് പറഞ്ഞു.
മണിപ്പൂർ വിഷയം മറന്നുകൊണ്ടല്ല പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തത്. മണിപ്പൂർ സംബന്ധിച്ച് സഭയുടെ ആശങ്ക നേരത്തെ തന്നെ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വിരുന്നോടെ മണിപ്പൂർ വിഷയം കൂടുതൽ ചർച്ചയായെന്നും മാർ തെയോഫിലോസ് പറഞ്ഞു.