യാക്കോബായ -ഓർത്തഡോക്സ് പള്ളിത്തർക്കം; കോടതി വിധി നടപ്പാക്കുന്നതിൽ വീണ്ടും അനിശ്ചിതത്വം
|സുപ്രിം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ആറ് യാക്കോബോയ പള്ളികള്‍ കൂടി നാളെയോട് കൂടി ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്നാണ് ഹൈക്കോടതി ഉത്തരവ്
കൊച്ചി: യാക്കോബായ -ഓർത്തഡോക്സ് പള്ളിത്തർക്കത്തില്‍ കോടതി വിധി നടപ്പാക്കുന്നതിൽ വീണ്ടും അനിശ്ചിതത്വം. യാക്കോബായ വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് രണ്ടിടത്ത് വിധി നടപ്പാക്കാനായില്ല. സുപ്രിം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ആറ് യാക്കോബോയ പള്ളികള്‍ കൂടി നാളെയോട് കൂടി ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്നാണ് ഹൈക്കോടതി ഉത്തരവ്.
2017ലെ സുപ്രിംകോടത്തി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ പള്ളികളിൽ അവകാശം ഉന്നയിച്ച് ഓർത്തഡോക്സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചതോടെയാണ് യാക്കോബായ വിഭാഗത്തിന്‍റെ കൈവശമുള്ള ആറ് പള്ളികൾ കൂടി കൈമാറാൻ ഹൈക്കോടതി ഉത്തരവിടുന്നത്. ഇതോടെ പള്ളിത്തർക്കം വീണ്ടും പൊലീസിനും സർക്കാരിനും തലവേദനയായി . ബുധനാഴ്ചക്കുള്ളിൽ പള്ളികള്‍ ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറാനാണ് ഹൈക്കോടതി നിർദേശം. എറണാകുളം ജില്ലയിലെ തന്നെ മഴുവന്നൂർ കത്തീഡ്രലിലും, ഓടക്കാലി സെന്‍റ് മേരീസ് പള്ളിയിലും കോടതി വിധി നടപ്പാക്കാനെത്തിയ പൊലീസുകാരെ യാക്കോബായ വിശ്വാസികൾ തടഞ്ഞു.
കോടതി ഉത്തരവ് നടപ്പാക്കണമെന്ന് ഓർത്തഡോക്സ് വിഭാഗം ആവശ്യപ്പെടുമ്പോൾ ജീവൻ കൊടുത്തും പള്ളി സംരക്ഷിക്കുമെന്ന നിലപാടിലാണ് യാക്കോബായ വിഭാഗം. ബലം പ്രയോഗിച്ച് പള്ളി ഏറ്റെടുക്കാന്‍ പൊലീസ് തയ്യാറല്ല. സുപ്രിംകോടതി ഉത്തരവിന് പിന്നാലെ യാക്കോബായ സഭയുടെ കൈവശം ഉണ്ടായിരുന്ന 69 പള്ളികളാണ് ഓർത്തഡോക്സ് വിഭാഗം ഏറ്റെടുത്തത്. ഇതിന് പുറമേ ആണ് ആറ് പള്ളികൾ കൂടി ഏറ്റെടുക്കാനുള്ള നീക്കം. മധ്യസ്ഥ ചർച്ച നടത്തുന്ന സർക്കാർ ചർച്ച് ബില്ല് കൊണ്ടുവരാനും ശ്രമിക്കുന്നുണ്ട്. ചർച്ച് ബില്ലിലാണ് യാക്കോബായ വിഭാഗത്തിന്‍റെ പ്രതീക്ഷ . എന്നാൽ സുപ്രിം കോടതി വിധിയെ ബില്ല് ദുർബലമാക്കുമെന്ന ആശങ്കയാണ് ഓർത്തഡോക്സ് വിഭാഗത്തിനുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരുകൂട്ടരെയും പിണക്കാനാകാത്ത സ്ഥിതിയിലാണ് സർക്കാര്‍.