Kerala
jaick c thomas

ജെയ്ക് സി.തോമസ്

Kerala

പുതുപ്പള്ളിയില്‍ ജെയ്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥി; ഔദ്യോഗിക പ്രഖ്യാപനം നാളെ

Web Desk
|
11 Aug 2023 8:04 AM GMT

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റാണ് ജെയ്‍കിന്‍റെ പേര് അംഗീകരിച്ചത്

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജെയ്ക് സി. തോമസ് ഇടതു സ്ഥാനാര്‍ഥിയാകും. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റാണ് ജെയ്‍കിന്‍റെ പേര് അംഗീകരിച്ചത്. ജെയ്ക് അടക്കം മൂന്നു സിപിഎം നേതാക്കളുടെ പേര് പാര്‍ട്ടി ആദ്യം പരിഗണിച്ചിരുന്നു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം റെജി സഖറിയ, പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി. വർഗീസ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുണ്ടായിരുന്നത്.

ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെയാണ് യു.ഡി.എഫ് കളത്തിലിറക്കുന്നത്. ജെയ്ക് മൂന്നാം തവണയാണ് മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്നത്. മണര്‍കാട് സ്വദേശിയായ ജെയ്ക് സി.തോമസ് 2016,2021 തെരഞ്ഞെടുപ്പുകളില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ചിരുന്നു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്കിന് അദ്ദേഹത്തിന്റെ ഭൂരിപക്ഷം കുറയ്ക്കാനായത് മികച്ച നേട്ടമായാണ് സി.പി.എം കാണുന്നത്.

അതേസമയം, ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ ഇന്നു മുതൽ മുഴുവൻ സമയ പ്രവർത്തനം തുടങ്ങും. തെരഞ്ഞെടുപ്പ് പൂർത്തിയാകും വരെ മണ്ഡലത്തിൽ തുടരാനാണ് പാർട്ടി നിദേശം. പ്രധാന വ്യക്തികളെ കാണുന്നതിനൊപ്പം തെരഞ്ഞെടുപ്പ് യോഗങ്ങളിലും ചാണ്ടി ഉമ്മൻ പങ്കെടുക്കും. എല്‍.ഡി.എഫിൻ്റെ വാർഡ് കൺവൻഷനുകൾക്കും ഇന്ന് തുടക്കമാകും.സി.പി.എം നേതാക്കൾക്കു പുറമെ ഘടകകക്ഷി നേതാക്കൾക്കും വാർഡുകളുടെ ചുമതല വീതിച്ചു നൽകാൻ എല്‍.ഡി.എഫ് ജില്ലാ നേതൃയോഗം തീരുമാനിച്ചിരുന്നു. ബി.ജെ.പിയുടെ സംസ്ഥാന നേതാക്കളും ഇന്ന് മുതൽ പുതുപ്പള്ളിയിൽ ക്യാമ്പ് ചെയ്ത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിക്കും.

Similar Posts