പുതിയ പുതുപ്പള്ളിയെ സൃഷ്ടിക്കാനുള്ള ചരിത്രദിനം; വ്യക്തിപരമായ മഹത്വങ്ങൾക്കല്ല പ്രസക്തി; ഓഡിയോ ക്ലിപ്പ് സൃഷ്ടിച്ചത് യുഡിഎഫ് തന്നെയെന്നും ജെയ്ക്ക് സി തോമസ്
|ഇടതുപക്ഷക്കാലത്ത് ഉണ്ടായ മുന്നേറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് തങ്ങൾ വോട്ട് ചോദിച്ചത്. അത് സർക്കാരിന്റെ കാലയളവിലുണ്ടായ മുന്നേറ്റങ്ങളാണ്. അതിനാൽ സർക്കാരിന്റെ വിലയിരുത്തൽ തന്നെയാവും ഈ തെരഞ്ഞെടുപ്പ്.
കോട്ടയം: പുതിയ പുതുപ്പള്ളിയെ സൃഷ്ടിക്കാനുള്ള ചരിത്രപരമായ മുന്നേറ്റത്തിന്റെ ദിവസമാണിത് എന്ന് എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസ്. മണർകാട്ടെ വീട്ടിൽ നിന്നും വോട്ട് ചെയ്യാനായി പോകുംമുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ വസന്തോത്സവമാണ് തെരഞ്ഞെടുപ്പ്. എല്ലാ വിഭാഗം ജനങ്ങളും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്ന ദിനമാണ് ഇന്ന്. അതിന്റെ ആവേശമായാണ് പോളിങ് ബൂത്തുകളിലെ നീണ്ട നിരയെ കാണുന്നതെന്നും ജെയ്ക്ക് പറഞ്ഞു. പുതുപ്പള്ളിക്കാർ തങ്ങളുടെ നാടിനെ പുതിയൊരു ദശാസന്ധിയിലേക്ക് നയിക്കും.
കണിയാൻകുന്ന് ഗവ.സ്‌കൂളിൽ വോട്ട് ചെയ്ത ശേഷം പറ്റുന്നത്ര ബൂത്തുകളിൽ സന്ദർശനം നടത്തും. തെരഞ്ഞെടുപ്പ് ആണെങ്കിലും അല്ലെങ്കിലും താൻ ഇതുവരെ വ്യക്തിപരമായി ആരുടെയും പേരെടുത്ത് പോലും പരാമർശിച്ചിട്ടില്ല. ഇതുവരെ ആ മാന്യത പുലർത്തിയിട്ടുണ്ട്. ജീവിതത്തിലുടനീളം ഇനിയുമത് തുടരുക തന്നെ ചെയ്യും. വ്യക്തിപരമായ അധിക്ഷേപങ്ങൾക്കോ വ്യക്തിപരമായ മഹത്വങ്ങൾക്കോ അല്ല ഈ തെരഞ്ഞെടുപ്പിൽ പ്രസക്തി. വികസന സംബന്ധമായ ചോദ്യങ്ങൾക്കും പുതുപ്പള്ളിക്കാരുടെ ജീവിതാനുഭവങ്ങൾക്കുമാണ്.
വികസന സംവാദത്തിന് വിളിച്ചപ്പോൾ വന്നില്ലെന്ന ചാണ്ടി ഉമ്മന്റെ ആരോപണത്തോട്, ആരാണ് യഥാർഥത്തിൽ വികസന ചർച്ചയ്ക്ക് ക്ഷണിച്ചതെന്ന് ജെയ്ക്ക് ചോദിച്ചു. താനും യുഡിഎഫ് സ്ഥാനാർഥിയും ഒരേ നാട്ടുകാരാണ്. ഇവിടുത്തെ റോഡ്, കുടിവെള്ളം, സർക്കാർ ഓഫീസുകൾ, തൊഴിലവസരങ്ങൾ, തീർഥാടന കേന്ദ്രങ്ങൾ, മിനി സിവിൽസ്റ്റേഷൻ തുടങ്ങിയവയെ സംബന്ധിച്ച് വികസനത്തെ മുൻനിർത്തി നമുക്കൊരു സൗഹൃദ സംവാദം നടത്താമെന്നായിരുന്നു തന്റെ ആദ്യത്തെ ആവശ്യം. അതിനോട് യുഡിഎഫ് സ്ഥാനാർഥിയുടെ പ്രതികരണം എന്താണെന്ന് എല്ലാവർക്കും അറിയാം. താനും യുഡിഎഫ് സ്ഥാനാർഥിയും തമ്മിലുള്ള സംവാദത്തിന് പല മാധ്യമങ്ങളും തിയതി തീരുമാനിക്കുകയും സമയം ചോദിക്കുകയും ചെയ്തതാണ്. താൻ അവരോടൊന്നും വിയോജിച്ചില്ല. നിങ്ങൾ പറയുന്ന സ്ഥലത്തും സമയത്തും സംവാദത്തിന് തയാറാണെന്ന് പറഞ്ഞിരുന്നു. ഇടതുപക്ഷ കാലയളവിലെ വികസനത്തെ കുറിച്ചും സംവാദത്തിനു തയാറാണെന്നും പറഞ്ഞിരുന്നു. പക്ഷേ ആരാണ്, എന്തുകൊണ്ടാണ് പിന്മാറിയതെന്ന് എല്ലാവർക്കും അറിയാം.
എല്ലാ പ്രചരണങ്ങളിലും താൻ സംസാരിച്ചത് പുതിയ പുതുപ്പള്ളിയെ കുറിച്ചായിരുന്നു. പുതുപ്പള്ളിക്കാർക്ക് നേടിയെടുക്കാനാവാത്ത മുന്നേറ്റങ്ങളെ കുറിച്ചായിരുന്നു. ഇടതുപക്ഷക്കാലത്ത് പുതുപ്പള്ളിയിലുണ്ടായ വികസനം തുടരണോ അതില്ലാത്ത യുഡിഎഫ് കാലത്തെ പുതുപ്പള്ളി വേണോ എന്നായിരുന്നു ജനങ്ങളോട് ചോദിച്ചത്. ഇടതുപക്ഷക്കാലത്ത് ഉണ്ടായ മുന്നേറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് തങ്ങൾ ചോദിക്കുന്നത്. അത് സർക്കാരിന്റെ കാലയളവിലുണ്ടായ മുന്നേറ്റങ്ങളാണ്. അതിനാൽ സർക്കാരിന്റെ വിലയിരുത്തൽ തന്നെയാവും ഈ തെരഞ്ഞെടുപ്പ്.
അടുത്തിടെ പുറത്തുവന്ന ഓഡിയോക്ലിപ്പ് കോൺഗ്രസ് തന്നെ സൃഷ്ടിച്ച് അവർ തന്നെ പ്രചരിപ്പിച്ചതാണെന്നും ജെയ്ക്ക് ആരോപിച്ചു. അതിൽ പറയുന്ന 'നമ്മുടെ വിജയൻ' കോട്ടയം ജില്ലയിൽ തന്നെയുള്ള, പഞ്ചായത്ത് പ്രസിഡന്റ് പദവിയടക്കം അലങ്കരിച്ച ഒരു വിജയകുമാറാണ്. യുഡിഎഫ് നേതാവ് മറ്റൊരാളുമായി സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് മറ്റാർക്ക് പുറത്തുവിടാൻ കഴിയും, ചോർത്താൻ കഴിയും?- ജെയ്ക്ക് ചോദിച്ചു. സൈബർ വിങ്ങിനെ അതിശയപ്പെടുത്തുന്ന ഗൂഡാലോചന എൽഡിഎഫ് പ്രവർത്തകർ നടത്തിയിട്ടുണ്ടോ എന്ന്് അന്വേഷണം നടക്കട്ടെ, ശാസ്ത്രീയമായി അന്വേഷിച്ച് കണ്ടെത്താൻ കഴിയുന്ന പൊലീസ് സംവിധാനം സൈബർ ഡോമിന്റെ ഭാഗമാണെന്നും ജെയ്ക്ക് പ്രതികരിച്ചു.
എന്തുകൊണ്ട് ഇതിൽ എൽഡിഎഫ് പരാതി നൽകിയില്ലെന്ന ചോദ്യത്തിന്, ഇതിൽ തങ്ങൾക്കല്ല പരാതിയുള്ളതെന്നും എല്ലാത്തിനും തെളിവുകളായി ദൃശ്യങ്ങളും വാചകങ്ങളുമുണ്ടെന്നും ജെയ്ക്ക് പറഞ്ഞു. അവ കെട്ടിച്ചമച്ചതാണെന്ന വാദം ആർക്കെങ്കിലുമുണ്ടോ. ആ ക്ലിപ്പിൽ പറയുന്നത് 'വിജയൻ' പറ്റിച്ച പണിയാണെന്നാണ്. ഏത് വിജയനാണ്, എന്ത് പണിയാണ് പറ്റിച്ചതെന്ന് വിശദീകരിക്കണ്ടേ. അത് പിണറായി വിജയനാണോ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ. ഇല്ലെന്നും ജെയ്ക്ക് അഭിപ്രായപ്പെട്ടു.