'എല്ലാവരും മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്നവര്‍'; എന്‍.എസ്.എസ് ആസ്ഥാനവും ഓർത്തഡോക്‌സ് അരമനയും സന്ദര്‍ശിച്ച് ജെയ്ക്ക്
|ഇന്നലെ വൈകീട്ട് വെള്ളാപ്പള്ളി നടേശനുമായും ജെയ്ക്ക് കൂടിക്കാഴ്ച നടത്തിയിരുന്നു
കോട്ടയം: പുതുപ്പള്ളിയിലെ എല്‍.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി. തോമസ് മത-സാമുദായിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. എന്‍.എസ്.എസ് ആസ്ഥാനത്തും ഓർത്തഡോക്സ് അരമനയിലും മന്ത്രി വി.എൻ വാസവനൊപ്പമാണ് സ്ഥാനാർത്ഥി സന്ദര്‍ശനം നടത്തിയത്. എസ്‍.എന്‍.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും ജെയ്ക്ക് കണ്ടു. ഇവരെല്ലാം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്നവരാണെന്ന് ജെയ്ക്ക് മീഡിയവണിനോട് പറഞ്ഞു.
എന്‍.എസ്.എസ് ആസ്ഥാനത്തെത്തിയ ജെയ്ക്കും മന്ത്രി വാസവനും അരമണിക്കൂറോളം നേരം പെരുന്നയിൽ ചെവഴിച്ചു. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. മിത്ത് വിവാദത്തിൽ എന്‍.എസ്.എസ് സർക്കാരുമായി ഇടഞ്ഞുനിൽക്കുന്നതിനിടെയാണ് സന്ദർശനമെന്നതും ശ്രദ്ധേയമാണ്.
ഓർത്തഡോക്സ് സഭാ ആസ്ഥാനമായ ദേവലോകം അരമനയിലെത്തി മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയെയും കണ്ടു. യാക്കോബായ സഭാ കോട്ടയം ഭദ്രാസന മെത്രാപൊലീത്തയെയും സന്ദർശിച്ചു. സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ് മലയിൽ സാബു കോശി ചെറിയാനെയും നേരില്‍കണ്ടു.
ഇന്നലെ വൈകീട്ടാണ് വെള്ളാപ്പള്ളി നടേശനെ കണ്ടത്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാണ് പ്രധാന വ്യക്തികളെ കാണുന്നതെന്ന് സി.പി.എം നേതൃത്വം പ്രതികരിച്ചു. പുതുപ്പള്ളിയിൽ ഇടത് അനുകൂല അന്തരീക്ഷമാണെന്നും മന്ത്രി വി.എൻ വാസവൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായുള്ള ഭവന സന്ദർശനങ്ങള്‍ക്ക് എല്‍.ഡി.എഫ് തുടക്കമിട്ടിട്ടുണ്ട്. നാളെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ജോസ് കെ. മാണി ഉദ്ഘാടനം ചെയ്യും. 16ന് ജെയ്ക് സി. തോമസ് നാമനിർദേശപത്രിക സമർപ്പിക്കും. തെരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.
Summary: Jaick C Thomas, LDF candidate in Puthuppally by-polls, met with religious and community leaders. The candidate visited the NSS and the Orthodox headquarters along with Minister VN Vasavan.