ലൗ ജിഹാദ് പരാമർശം: ജോർജ് എം തോമസിന് ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീൽ നോട്ടീസ്
|പ്രസ്താവന പിൻവലിച്ചു നിരുപാധികം മാപ്പ് പറയണമെന്നും അപകീർത്തിക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യം
കോഴിക്കോട്: കേരളത്തിലെ കോളേജ് വിദ്യാർഥിനികളെ പ്രേരിപ്പിച്ചു ഐ.എസിലേക്കടക്കം റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ടെന്ന വിവാദ പ്രസ്താവനയിൽ തിരുവമ്പാടി മുൻ എം.എൽ.എ ജോർജ് എം തോമസിന് ജമാഅത്തെ ഇസ്‌ലാമി വക്കീൽ നോട്ടീസ് അയച്ചു. ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയടക്കമുള്ള സംഘടനകളാണ് എന്ന പരാമർശം സംഘടനയെ അപകീർത്തിപ്പെടുത്തിയെന്ന് കാണിച്ചാണ് നോട്ടീസ്. ജമാഅത്തെ ഇസ്‌ലാമി കേരളാ ഘടകത്തിന് വേണ്ടി അഡ്വ.അമീൻ ഹസ്സനാണ് നോട്ടീസ് അയച്ചത്.
പ്രസ്താവന പിൻവലിച്ചു നിരുപാധികം മാപ്പ് പറയണമെന്നും അപകീർത്തിക്ക് അൻപത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ജമാഅത്തെ ഇസ്‌ലാമി ആവശ്യപ്പെട്ടു.രാജ്യത്തിലിന്നോളം വ്യത്യസ്ത മതസമൂഹങ്ങൾക്കിടയിൽ സൗഹൃദാന്തരീക്ഷവും ആശയ സംവാദങ്ങളും നിലനിർത്തും വിധമുള്ള പ്രവർത്തനങ്ങൾ കാഴ്ചവെച്ച ജമാഅത്തെ ഇസ്‌ലാമിയെ ലൗ ജിഹാദു പോലുളള വംശീയ വിദ്വേഷ പ്രയോഗങ്ങളിലേക്ക് ചേർത്തുവെക്കുന്നത് ബോധപൂർവമാണ്. രാഷ്ട്രീയ ലാഭം ലക്ഷ്യം വെച്ച് സമൂഹത്തിൽ വിവിധ സമുദായങ്ങൾക്കിടയിൽ മതസ്പർദ്ധ വളർത്താൻ ഉദ്ദേശിച്ചാണ് ജോർജ് എം തോമസിന്റെ പ്രസ്താവനയെന്നും നോട്ടീസിൽ ആരോപിക്കുന്നു.
ഷിജിൻറെ മിശ്ര വിവാഹം പാർട്ടിക്ക് ദോഷമുണ്ടാക്കിയെന്നാണ് കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോർജ് എം തോമസ് അഭിപ്രായപ്പെട്ടത്. ഷിജിനെതിരെ പാർട്ടി നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിവാഹം കാരണം ഒരു സമുദായം പാർട്ടിക്കെതിരെ തിരിയാൻ കാരണമായി. പ്രണയം ഷിജിൻ പാർട്ടിയെ അറിയിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ ലവ് ജിഹാദ് യാഥാർഥ്യമാണെന്നും വിദ്യാസമ്പന്നരായ യുവതികളെ മതംമാറ്റാൻ ചിലർ പ്രവർത്തിക്കുന്നുണ്ടെന്നും ജോർജ് എം തോമസ് നേരത്തെ പരാമർശിച്ചിരുന്നു. എന്നാൽ തനിക്ക് പിഴവു പറ്റിയെന്ന് വ്യക്തിമാക്കി ജോർജ് എം തോമസ് പിന്നീട് രംഗത്തു വന്നു.
ലവ് ജിഹാദ് എന്ന പ്രക്രിയ ഉണ്ടെന്നാണ് പാർട്ടി രേഖകളിൽ പറഞ്ഞിട്ടുള്ളതെന്ന് ജോർജ് എം. തോമസ് ചൂണ്ടിക്കാട്ടി. പ്രൊഫഷനൽ കോളേജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള വിദ്യാസമ്പമ്പന്നരായ യുവതികൾ ലൗ ജിഹാദ് പോലെയുള്ള സംഗതികളിൽ വശംവദരാകുന്നുണ്ടെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. അങ്ങനെയൊരു സംഗതി കേരളത്തിലുണ്ടെന്നത് ഞങ്ങളുടെ പാർട്ടി പ്രസിദ്ധീകരണങ്ങളും പ്രമേയങ്ങളുമെല്ലാം വ്യക്തമാക്കിയതാണ്. ലൗജിഹാദ് അപൂർവമായി കേരളത്തിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.