ജമാഅത്തെ ഇസ്ലാമി അമീർ വരാപ്പുഴ ആർച്ച് ബിഷപ്പിനെ സന്ദർശിച്ചു
|മുനമ്പം വിഷയം രമ്യമായി പരിഹരിക്കാൻ സർക്കാർ ഇടപെടലുണ്ടാവണമെന്ന കാര്യമടക്കം വിവിധ സമകാലിക വിഷയങ്ങൾ ചർച്ചയിൽ കടന്നുവന്നു
എറണാകുളം: ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിനെ സന്ദർശിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്തു. മനുഷ്യന് നീതിയും സമാധാനവും ഉറപ്പു വരുത്തുകയാണ് മതങ്ങളുടെ ലക്ഷ്യമെന്നും ഇതിനായി എല്ലാ വിഭാഗങ്ങളും കൈകോർക്കണമെന്ന് അമീർ അഭിപ്രായപ്പെട്ടു.
സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി സാമുദായിക ധ്രുവീകരണം നടത്തുന്നതിനെതിരെ ജാഗ്രത വേണം. സമൂഹത്തിൽ തെറ്റിദ്ധാരണയുണ്ടാക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണം. മുനമ്പം വിഷയം രമ്യമായി പരിഹരിക്കാൻ സർക്കാർ ഇടപെടലുണ്ടാവണമെന്ന കാര്യവമടക്കം വിവിധ സമകാലിക വിഷയങ്ങൾ ചർച്ചയിൽ കടന്നുവന്നു.
ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് ജമാൽ പാനായിക്കുളം, കെ.നജാത്തുല്ല, ഷക്കീൽ മുഹമ്മദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ലാറ്റിൻ ആർച്ച് ബിഷപ്പ് ഹൗസ് പിആർഒ ഫാദർ യേശുദാസ് പാഴംപിള്ളി, കെഎൽസിഎ സംസ്ഥാന പ്രസിഡണ്ട് അഡ്വ. ഷെറി ജെ തോമസ് എന്നിവർ സംഘത്തെ സ്വീകരിച്ചു. ഓക്സിലറി ആർച്ച് ബിഷപ്പ് ആൻ്റണി വല്ലുംകൽ, വികാർ ജനറൽമാരായ ഫാ.മാത്യു കല്ലിങ്കൽ, ഫാ.മാത്യു എലഞ്ഞിമിറ്റം, കെആർഎൽസിസി സംസ്ഥാന വൈസ് പ്രസിഡണ്ട് ജോസഫ് ജൂഡ് എന്നിവർ സംബന്ധിച്ചു.