സ്ഥാനാർഥികളുടെ സംഗമവേദിയായി ജമാഅത്തെ ഇസ്‍ലാമി ഇഫ്താർ വിരുന്ന്
|അബ്ദുസ്സമദ് സമദാനിയും കെ.എസ് ഹംസയും ആദ്യം തന്നെ സംഗമത്തിന്‍റെ ഭാഗമായി. എം.കെ രാഘവനും ഇ.ടി മുഹമ്മദ് ബഷീറും എളമരം കരീമും കൂടി എത്തിയതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലെ സൗഹൃദത്തിന്റെ നിമിഷങ്ങളായി അത്
കോഴിക്കോട്: സ്ഥാനാർഥിസംഗമ വേദിയായി ജമാഅത്തെ ഇസ്‍ലാമി കോഴിക്കോട്ട് സംഘടിപ്പിച്ച ഇഫ്താർ വിരുന്ന്. കോഴിക്കോട്, പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലെ യു.ഡി.എഫ്, എല്‍.ഡി.എഫ് സ്ഥാനാർഥികള്‍ ഇഫ്താര്‍ സംഗമത്തിനെത്തി. രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരും സൗഹൃദം പങ്കിടാനെത്തി.
പൊന്നാനിയിലെ യു.ഡി.എഫ് സ്ഥാനാർഥി അബ്ദുസ്സമദ് സമദാനിയും എല്‍.ഡി.എഫ് സ്ഥാനാർഥി കെ.എസ് ഹംസയും ആദ്യം തന്നെ സംഗമത്തിന്‍റെ ഭാഗമായി. കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാർഥി എം.കെ രാഘവനും മലപ്പുറത്തെ യു.ഡി.എഫ് സ്ഥാനാർഥി ഇ.ടി മുഹമ്മദ് ബഷീറും സൗഹൃദസംഗമത്തില്‍ ആശംസകളർപ്പിച്ചു. അല്പം വൈകിയാണെങ്കിലും എളമരം കരീം കൂടി വന്നതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലെ സൗഹൃദത്തിന്റെ നിമിഷങ്ങളായി അത്.
പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, പി.എം.എ സലാം, എം.കെ മുനീർ തുടങ്ങി ലീഗ് നേതാക്കളും പി. മോഹനന്‍ മാസ്റ്റർ, കെ.ടി കുഞ്ഞിക്കണ്ണന്‍ തുടങ്ങി സി.പി.എം നേതാക്കളും പരിപാടിയുടെ ഭാഗമായി. ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബ് റഹ്മാന്‍ ഇഫ്താർ സന്ദേശം നല്കി. പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയ കാലത്ത് ഒരുമിച്ചുനില്‍ക്കേണ്ടതിന്‍റെ ആവശ്യകതയാണ് നേതാക്കള്‍ പങ്കുവച്ചത്.
ജമാഅത്തെ ഇസ്‍ലാമി സെക്രട്ടറി ജനറല്‍ ടി. ആരിഫലി സംഗമം ഉദ്ഘാടനം ചെയ്തു. മാധ്യമം-മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹ്മാന്‍, പി.ടി.എ റഹീം, അഹമ്മദ് ദേവർകോവില്‍, കെ.പി.എ മജീദ്, കെ.പി നൗഷാദലി, കോഴിക്കോട് മേയർ ബീന ഫിലിപ്പ്, ഫസല്‍ ഗഫൂർ, കല്‍പറ്റ നാരായണന്‍, സക്കരിയ, ഹർഷദ് തുടങ്ങിയവരും വിവിധ സംഘടനകളുടെ പ്രതിനിധികളും ഇഫ്താർ സംഗമത്തില്‍ പങ്കെടുത്തു.
ജമാഅത്തെ ഇസ്‍ലാമി മലപ്പുറം ജില്ലാ കമ്മറ്റിയും ഇഫ്താർ സ്നേഹ സംഗമം നടത്തി. പെരിന്തൽമണ്ണയിൽ നടന്ന പരിപാടിയിൽ നജീബ് കാന്തപുരം എം.എൽ.എ, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് റഫീഖ, എഴുത്തുകാരൻ പി. സുരേന്ദ്രൻ, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡൻ്റ് ഡോ. നഹാസ് മാള തുടങ്ങി പ്രമുഖർ പങ്കെടുത്തു. വെറുപ്പ് ഉൽപാദിപ്പിക്കുന്ന കാലത്ത് ഇഫ്താർ സംഗമങ്ങൾ ഐക്യം പകരുമെന്ന് നേതാക്കൾ പറഞ്ഞു.
Summary: Jamaate Islami Iftar meet, held at Kozhikode, becomes Lok Sabha candidates friendship sharing platform