Kerala
Jamaate Islami Kerala Ameer Against The Statement of CM Pinarayi Vijayan against malappuram
Kerala

സർക്കാരിന്റെ രാഷ്ട്രീയ പ്രതിസന്ധി ഇസ്‌ലാമോഫോബിയയുടെ മറപിടിച്ച് മറികടക്കാൻ ശ്രമം; പി. മുജീബുറഹ്മാൻ

Web Desk
|
30 Sep 2024 3:43 PM GMT

'കൊച്ചിയുൾപ്പെടെ കേരളത്തിനകത്തും പുറത്തും കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണം പിടികൂടാറുണ്ട്. അവിടെയും ഒരു ജില്ലയോ സമുദായമോ ദേശവിരുദ്ധ പ്രവർത്തനത്തിൻ്റെ ആരോപണം ഏറ്റുവാങ്ങാറില്ല'.

കോഴിക്കോട്: സർക്കാർ നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധിയെ ഇസ്‌ലാമോഫോബിയയുടെ മറപിടിച്ച് മറികടക്കാനുള്ള സിപിഎം ശ്രമം നെറികെട്ട രാഷ്ട്രീയ പ്രവർത്തനമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുറഹ്മാൻ. സ്വർണ കള്ളക്കടത്തിനും മയക്കുമരുന്ന് മാഫിയയ്ക്കും പൊലീസ് സേന തന്നെ കാവലിരിക്കുകയും വൻ സാമ്പത്തിക കവർച്ചയ്ക്ക് പൊലീസ് നേതൃത്വം നൽകുകയും ചെയ്തതായി വാർത്ത വന്നിട്ട് ദിവസങ്ങളേറെയായിട്ടില്ല.

അതിന്റെ പേരിൽ എസ്പി, ഡിവൈഎസ്പി റാങ്കിലുള്ള പൊലീസ് മേധാവികൾക്ക് സ്ഥലംമാറ്റം ലഭിക്കുകയും എഡിജിപിയെ മാറ്റണമെന്ന് ഘടക കക്ഷിയായ സിപിഐ അടക്കം ശക്തമായി ആവശ്യപ്പെടുകയും ചെയ്യുന്ന സമയത്താണ് മലപ്പുറം ജില്ലയ്ക്കും അവിടുത്തെ പ്രത്യേക സമുദായത്തിനുംമേൽ വംശീയ മുൻവിധിയോടെ മുഖ്യമന്തിയും ചില ഇടത് നേതാക്കളും അപകടകരമായ പ്രസ്താവനകൾ നടത്തുന്നത്.

2020 ജൂലൈ അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ യുഎഇ കോണ്‍സുലേറ്റിന്റെ ബാഗില്‍ 15 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം കണ്ടെത്തിയ ഏറെ പ്രമാദമായ കേസുണ്ട്. ഡിപ്ലോമാറ്റിക് ബാഗേജ് വഴിയാണ് സ്വർണം കടത്തിയതെന്നാണ് പറയപ്പെടുന്നത്. ഇതിന്റെ പേരിൽ തിരുവനന്തപുരം ജില്ലയോ അവിടെയുള്ള പ്രത്യേക സമുദായങ്ങളോ ആക്ഷേപിക്കപ്പെട്ടിട്ടില്ല. കൊച്ചിയുൾപ്പെടെ കേരളത്തിനകത്തും പുറത്തും കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണം പിടികൂടാറുണ്ട്. അവിടെയും ഒരു ജില്ലയോ സമുദായമോ ദേശവിരുദ്ധ പ്രവർത്തനത്തിൻ്റെ ആരോപണം ഏറ്റുവാങ്ങാറില്ല.

കേരളത്തിൽ സംഘ്പരിവാറിനെ തോൽപിക്കും വിധം ഇസ്‌ലാമോഫോബിയ ആളിക്കത്തിക്കാനും മുസ്‌ലിം സമുദായത്തെ കരുവാക്കി തങ്ങളകപ്പെട്ട പ്രതിസന്ധികളിൽ നിന്നും രക്ഷപ്പെടാനുമുള്ള രാഷ്ട്രീയ കുതന്ത്രങ്ങൾ ത്രിപുരക്കും ബംഗാളിനും ശേഷം അവശേഷിക്കുന്ന ഏക ഇടത് സംസ്ഥാനവും സംഘ്പരിവറിന് തളികയിൽ വെച്ച് കൈമാറാനേ ഉപകാരപ്പെടൂ- അദ്ദേഹം വിശദമാക്കി.


Similar Posts